ദോഹ : ഖത്തര്‍ ലോകകപ്പിലെ അര്‍ജന്‍റീന-ഫ്രാന്‍സ് കലാശപ്പോരില്‍ റഫറിയായി പോളണ്ടിന്‍റെ സിമോൺ മാർസിനിയാക്കിനെ നിയമിച്ചു. 2018ല്‍ തന്‍റെ ആദ്യ ലോകകപ്പ് മത്സരം നിയന്ത്രിച്ച 41 കാരനായ മാർസിനിയാക്കിനെ നാട്ടുകാരായ പാവൽ സോക്കോൾനിക്കിയും ടോമാസ് ലിസ്റ്റ്കിവിച്ച്സുമാണ് സഹായിക്കുക. യുഎസ്എയുടെ ഇസ്മായിൽ എൽഫത്താണ് ഫോര്‍ത്ത് ഒഫീഷ്യല്‍.
ഇതാദ്യമായാണ് പോളണ്ടുകാരനായ റഫറി ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത്. ഞായറാഴ്‌ച രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഖത്തര്‍ ലോകകപ്പ് ഫൈനല്‍. മുന്‍ മത്സരങ്ങളില്‍ റഫറിയിങ്ങുമായി ബന്ധപ്പെട്ട് വലിയ പരാതികള്‍ ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പാനലിലെ മികച്ച റഫറിമാരില്‍ ഒരാളെത്തന്നെയാണ് ഫിഫ ഫൈനല്‍ പോരാട്ടത്തിനായി നിയമിച്ചിരിക്കുന്നത്.
2009-ൽ പോളണ്ടിന്‍റെ ടോപ്പ് ലീഗിലൂടെ തന്‍റെ കരിയർ ആരംഭിച്ച മാർസിനിയാക് 2013ലാണ് ഫിഫയുടെ റഫറിയിങ് പാനലില്‍ ഇടം നേടുന്നത്. ഈ ലോകകപ്പില്‍ ഫ്രാൻസും ഡെന്മാർക്കും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരവും അർജന്‍റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരവും നിയന്ത്രിച്ചത് മാർസിനിയാക്കാണ്.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും മാർസിനിയാക് റഫറിയായിട്ടുണ്ട്. ക്യാമ്പ് നൗവിൽ ബാഴ്‌സലോണയും ഇന്‍ററും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും, അത്‌ലറ്റിക്കോ മാഡ്രിഡ്-പോർട്ടോ മത്സരവുമാണ് അദ്ദേഹം നിയന്ത്രിച്ചത്. 2018 ൽ റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള സൂപ്പർ കപ്പ് മത്സരം നിയന്ത്രിച്ച പോളിഷ് റഫറി 2018 ലോകകപ്പിൽ സ്വീഡനെതിരായ മത്സരത്തിനിടെ ജർമനിയുടെ ജെറോം ബോട്ടെംഗിന് ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു.