ന്യൂഡല്‍ഹി: സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിൾസ് കിരീടം നേടിയ ഇന്ത്യന്‍ താരം പിവി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സിന്ധുവിനെ അഭിനന്ദിച്ചത്. താരത്തിന്‍റെ നേട്ടങ്ങൾ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നാതണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
''സ്വിസ് ഓപ്പൺ കിരീടം നേടിയ സിന്ധുവിന് അഭിനന്ദനങ്ങള്‍. അവളുടെ നേട്ടങ്ങൾ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നാതണ്. ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ'' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സ്വിസ് ഓപ്പണിന്‍റെ കലാശപ്പോരില്‍ തായ്‌ലൻഡ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെയാണ് സിന്ധു കീഴടക്കിയത്. 49 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്‌കോർ: 21-16, 21-8.
ലോക 11-ാം നമ്പറായ തായ്‌ലൻഡ് താരത്തെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയാണ് സിന്ധു വിജയം കൊയ്‌തത്. ആദ്യ സെറ്റിൽ മാത്രമാണ് തായ് താരത്തിന് സിന്ധുവിനോട് അൽപമെങ്കിലും പൊരുതി നിൽക്കാനായത്. എന്നാൽ രണ്ടാം സെറ്റിൽ എതിരാളിയെ നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്നു സിന്ധുവിന്‍റെ പ്രകടനം.
also read: ഭാവി തീരുമാനിച്ചിട്ടില്ല, സമയം വേണം; വിരമിക്കൽ തീരുമാനത്തെക്കുറിച്ച് മിതാലി രാജ്
സിന്ധു ഈ വർഷം നേടുന്ന രണ്ടാമത്തെ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 300 കിരീടമാണിത്. കഴിഞ്ഞ ജനുവരിയിൽ സെയ്‌ദ് മോദി ഇന്ത്യ ഇന്‍റർനാഷണൽ കിരീടം സ്വന്തമാക്കാനും താരത്തിനായിരുന്നു.