ന്യൂകാമ്പ്: ബാഴ്‌സയിൽ ആയിരുന്നില്ലെങ്കിൽ തനിക്ക് ഇത്ര മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിയില്ലായിരുന്നുവെന്ന് യുവതാരം പെഡ്രി. 19-ാം വയസിൽ തന്നെ ക്ലബിന്‍റെയും സ്‌പാനിഷ് ദേശീയ ടീമിന്‍റെയും പ്രധാനതാരമാണ് പെഡ്രി. മനോഹരമായ ഫുട്ബോൾ കളിക്കാനുള്ള ബാഴ്‌സലോണയുടെ ആഗ്രഹമാണ് തന്നെ ക്ലബ്ബിലേക്ക് എത്തിച്ചതെന്നും പെഡ്രി വ്യക്‌തമാക്കി.
' നിലവിലെ ഫുട്ബോളിൽ കൂടുതലായി ഓടുന്ന താരങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. സാങ്കേതിക തികവുള്ള, മത്സരത്തെ കൂടുതലായി മനസിലാക്കുന്ന തങ്ങൾക്ക് ആവശ്യക്കാർ കുറവാണ്. താൻ എപ്പോഴും ആസ്വദിച്ചു കളിക്കാൻ ആണ് ഇഷ്‌ടപ്പെടുന്നതെന്നും, ആസ്വദിച്ചു കളിക്കുമ്പോഴാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുക. ഒരു പക്ഷെ ബാഴ്‌സയിൽ ആയിരുന്നില്ലെങ്കിൽ തനിക്ക് ഇത്ര മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിയില്ലായിരുന്നു'.
വിജയങ്ങളിൽ മാത്രം സംതൃപ്‌തരാവുന്ന ക്ലബുകൾ ഉണ്ട്. അവരത് എങ്ങനെ വേണമെങ്കിലും ചെയ്യും. ബാഴ്‌സ അതിൽ നിന്നും വ്യത്യസ്‌തമാണ്. പന്ത് കൈവശം വെച്ചു കളി മെനഞ്ഞ് അവസരങ്ങൾ ഉണ്ടാക്കുക എന്നതാണ് അവരുടെ ശൈലി. ഇതാണ് താൻ കൂടുതൽ ഇഷ്‌ടപ്പെടുന്നതും.' പെഡ്രി പറഞ്ഞു
സ്വന്തം കഴിവിലുള്ള വിശ്വാസമാണ് മറ്റു യുവതാരങ്ങളിൽ നിന്നും തന്നെ വ്യത്യസ്‌തനാക്കി നിർത്തുന്നതെന്നും പെഡ്രി പറഞ്ഞു. കഴിഞ്ഞ സീസണിൽ ലീഗിൽ ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ പെഡ്രിയുടെ മികച്ച പ്രകടനം തുണച്ചിരുന്നു. നിലവിൽ പരിക്കു മൂലം പുറത്തിരിക്കുന്ന താരം സ്‌പെയിനിന്‍റെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടിയിരുന്നില്ല.