ന്യൂഡല്‍ഹി : രാജ്യത്തെ യുവാക്കളിൽ കായിക രംഗത്തോടുള്ള അഭിനിവേശമാണ് മേജർ ധ്യാൻചന്ദിനുള്ള ഏറ്റവും വലിയ ആദരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ കായിക ദിനമായ ഞായറാഴ്‌ച പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നാല് പതിറ്റാണ്ടിന് ശേഷം ഈ വർഷം നാം ഹോക്കിയിൽ ഒളിമ്പിക് മെഡൽ നേടി. മേജർ ധ്യാൻ ചന്ദ് ഇന്ന് എത്ര സന്തോഷവാനായിരിക്കുമെന്ന് നിങ്ങൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ. കായിക രംഗത്തോടുള്ള ഇന്നത്തെ യുവാക്കളുടെ അഭിനിവേശമാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരം'- പ്രധാനമന്ത്രി പറഞ്ഞു.
ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്‍റെ ജന്മദിനത്തിലാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനം ആചരിക്കുന്നത്. 1928, 1932, 1936 വര്‍ഷങ്ങളില്‍ ഒളിമ്പിക് ഹോക്കിയില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമില്‍ അംഗമായിരുന്നു അദ്ദേഹം.
രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡിന്‍റെ പേര് ധ്യാന്‍ചന്ദ് അംഗീകാരം എന്നാക്കി മാറ്റിയതിന് ശേഷമുള്ള ആദ്യ കായികദിനവുമാണിത്.