പാരിസ്: 2024ലെ പാരിസ് ഒളിമ്പിക്‌സിന്‍റെ ഒരു മില്യണ്‍ ടിക്കറ്റുകൾ 24 യുറോയ്‌ക്ക് (ഏകദേശം 2,010 ഇന്ത്യൻ രൂപ) വിൽക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ ടിക്കറ്റുകൾ ഒളിമ്പിക്‌സിലെ 32 കായിക ഇനങ്ങൾക്കും ലഭ്യമാകുമെന്നും സംഘാടകർ വ്യക്‌തമാക്കി. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിനെക്കാൾ കുറഞ്ഞ അടിസ്ഥാന വിലയാണ് ടിക്കറ്റുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിന്‍റെ പകുതിയോളം ടിക്കറ്റുകൾ 50 യൂറോയ്‌ക്ക് (ഏകദേശം 4,189 ഇന്ത്യൻ രൂപ) താഴെയുള്ള തുകയ്‌ക്ക് നൽകാനും തീരുമാനമായി.
ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ കാര്യമാണെന്ന് പാരിസ് ഒളിമ്പിക്‌സ് സംഘാടക സമിതി പ്രസിഡന്‍റ് ടോണി എസ്‌താംഗുറ്റ് പറഞ്ഞു. ഇതിലൂടെ ഒളിമ്പിക്‌സിലേക്ക് എല്ലാവർക്കും പ്രവേശനം ലഭിക്കുമെന്നും ഒളിമ്പിക്‌സ് എല്ലാവർക്കും സ്വീകാര്യമാകുമെന്നും ടോണി എസ്‌താംഗുറ്റ് വ്യക്‌തമാക്കി.
2024-ലെ പാരാലിമ്പിക്‌സിന്‍റെ ടിക്കറ്റുകൾ 15 യൂറോയിൽ (1,256 ഇന്ത്യൻ രൂപ) നിന്നാണ് ആരംഭിക്കുന്നത്. തങ്ങളുടെ വരുമാനത്തിന്‍റെ 30% (ഏകദേശം 1.1 ബില്യൻ യൂറോ) ടിക്കറ്റ് വിൽപ്പനയിലൂടെ സമാഹരിക്കാനാണ് പാരിസ് ലക്ഷ്യമിടുന്നത്. എട്ട് ദശലക്ഷത്തിലധികം ടിക്കറ്റുകളിൽ നിന്ന് ലണ്ടൻ സമാഹരിച്ച 1 ബില്യൺ ഡോളറിന് മുകളിൽ വരുമാനം നേടാനാണ് പാരിസിന്‍റെ ലക്ഷ്യം.
ALSO READ: ത്രിപുരയില്‍ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉടൻ
പാരിസ് ഒളിമ്പിക്‌സിലെ ഒന്നിലധികം ഇവന്‍റുകൾക്കുള്ള ടിക്കറ്റുകൾ ഈ വർഷം അവസാനം മുതൽ കാണികൾക്ക് ഉറപ്പിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചു. സിംഗിൾ ഇവന്‍റുകളുടെ ടിക്കറ്റ് 2023 മെയ് മാസത്തിൽ വിൽപ്പനക്കെത്തും. മൂന്നാം ഘട്ട വിൽപ്പന അടുത്ത വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും സംഘാടകർ അറിയിച്ചു.