കോട്ടയം: പാലാ നഗരസഭ സ്‌റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് ലോങ് ജംപ് വെള്ളി മെഡൽ ജേതാവ് നീന പിന്റോയ്ക്കും ഭര്‍ത്താവിനും നേരെ അസഭ്യവർഷം നടത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കായിക താരം. സംഭവം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും കായിക മന്ത്രിയോ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോ തന്നെ വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്‌തില്ല. ഈ പ്രവണത വളര്‍ന്നുവരുന്ന താരങ്ങളെ നിരാശപ്പെടുത്തുന്നതാണെന്ന് നീന പിന്‍റോ ആരോപിച്ചു.
കായിക താരങ്ങള്‍ക്ക് സ്വതന്ത്രമായി പരിശീലനം നടത്താന്‍ സൗകര്യം ഉണ്ടാക്കണം. കായിക താരങ്ങൾക്ക് വളരാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കണം. പരിശീലനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും നീന പിന്‍റോ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഒരു സ്‌റ്റേഡിയത്തിലും സ്വതന്ത്രമായി പരിശീലനം നടത്താനുള്ള സൗകര്യമില്ലെന്ന് പിന്‍റോ മാത്യു ആരോപിച്ചു. എല്ലായിടത്തും പ്രശ്‌നങ്ങളുണ്ട്. സിന്തറ്റിക് ട്രാക്ക് കായിക താരങ്ങൾക്ക് സ്വതന്ത്രമായി വിട്ടു നൽകണം. നടത്തക്കാർക്ക് വേറേ സൗകര്യം ഒരുക്കണമെന്നും നീനുവിന്‍റെ ഭർത്താവും കായികതാരവും പരിശീലകനുമായ പിന്‍റോ മാത്യു അഭിപ്രായപ്പെട്ടു.
പാലാ നഗരസഭ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിയപ്പോഴാണ് നീനുവിനും, ഭര്‍ത്താവ് പിന്‍റോ മാത്യുവിനുമെതിരെ രണ്ട് പേര്‍ അസഭ്യവര്‍ഷം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌റ്റേഡിയം മാനേജ്‌മെന്‍റ് കമ്മറ്റി അംഗത്തെയും, സുഹൃത്തിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.