ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്‌തി താരം സുമിത് മാലിക്കിന് സസ്‌പെന്‍ഷന്‍. ബൾഗേറിയയിൽ നടന്ന ക്വാളിഫയറിനിടെ നടത്തിയ പരിശോധനയിലാണ് താരം പരാജയപ്പെട്ടതെന്ന് യുണൈറ്റഡ് വേൾഡ് റസ്‌ലിങ് (യു.ഡബ്ലൂ.ഡബ്ലൂ), റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ അറിയിച്ചു.
ഇതോടെ താരം ടോക്കിയോയില്‍ മത്സരിക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായി. കൂടുതല്‍ സ്ഥിരീകരണത്തിനായി ജൂണ്‍ 10ന് ബി സാമ്പിള്‍ പരിശോധന നടത്തുമെന്നും യു.ഡബ്ലൂ.ഡബ്ലൂ അറിയിച്ചിട്ടുണ്ട്. ഇതും പോസിറ്റീവായാല്‍ സുമിത് മാലിക്കിന് വിലക്ക് നേരിടേണ്ടിവരും. അതേസമയം താരത്തെ പ്രാഥമികമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ബി സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്നും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു.
also read: താരസമ്പന്നം, പക്ഷേ യൂറോയില്‍ ഇംഗ്ലണ്ടിന് പരിക്ക് വില്ലനാകും
സുമിത് നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ലെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി ചില മരുന്നുകള്‍ ഉപയോഗിച്ചതിനാലാവാം പരിശോധനയില്‍ പരാജയപ്പെട്ടതെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പേ നടന്ന ദേശീയ പരിശീലന ക്യാമ്പിനിടെയാണ് താരം കാൽമുട്ടിന് പരിക്കേറ്റ് ചികിത്സയിലായത്.
തുടര്‍ന്ന് മെയ് മാസം ബൾഗേറിയയിൽ നടന്ന ക്വാളിഫയറിന്‍റെ ഫെെനലിലെത്തിയാണ് താരം ഒളിമ്പിക് യോഗ്യത നേടിയത്. എന്നാല്‍ ഇതേ പരിക്കിനെ തുടര്‍ന്ന് താരത്തിന് ഫെെനല്‍ നഷ്ടപ്പെട്ടിരുന്നു. ടോക്കിയോയില്‍ 125 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കേണ്ടത്. 28കാരനായ സുമിത് 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.