ലണ്ടൻ : പുൽകോർട്ടിലെ ഏക ഗ്രാൻഡ്‌സ്ലാമായ വിംമ്പിൾഡൺ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്‍റെ പുരുഷ വിഭാഗത്തിലെ ജേതാവിനെ ഇന്നറിയാം. ഫൈനലിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് സ്‌പാനിഷ് താരം കാർലസ് അൽകാരസിനെ നേരിടും. ഇറ്റലിയുടെ ജാനിക്ല സിന്നറെ 6-3, 6-4, 7-6 എന്ന സ്‌കോറിന് മറികടന്നാണ് ജോക്കോവിച്ച് ഒമ്പതാം വിംബിൾഡൺ ഫൈനലിൽ ഇടം പിടിച്ചത്.
സെർബിയൻ താരത്തിന്‍റെ 35-ാം ഗ്രാൻഡ്‌സ്ലാം ഫൈനലാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു പുരുഷ താരം 35 ഗ്രാൻഡ്‌സ്ലാം ഫൈനലുകൾ കളിക്കുന്നത്. ഇത്തവണ കിരീടം നേടാനായാൽ 24-ഗ്രാൻഡ്‌സ്ലാം എന്ന നേട്ടം സ്വന്തമാക്കാനും താരത്തിനാകും. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ എട്ട് കിരീടങ്ങൾ എന്ന റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പമെത്താനും മാർഗരറ്റ് കോർട്ടിന്‍റെ എക്കാലത്തെയും മികച്ച 24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾക്കൊപ്പമെത്താനും 36-കാരനായ ജോക്കോവിച്ചിനാകും.
ടൂർണമെന്‍റിൽ തുടർച്ചയായി 34 മത്സരങ്ങൾ ജയിച്ചാണ് സെർബിയൻ താരത്തിന്‍റെ കുതിപ്പ്. 2013 ഫൈനലിൽ ആൻഡി മറെയ്‌ക്ക് മുന്നിൽ കീഴടങ്ങിയ ശേഷം ജോക്കോവിച്ച് സെന്‍റര്‍ കോർട്ടിൽ തോറ്റിട്ടില്ല.
20 കാരനായ അൽകാരസ് മൂന്നാം സീഡായ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ 6-3, 6-3, 6-3 എന്ന സ്‌കോറിന് നേരിട്ടുളള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അൽകാരസിനെ കീഴടക്കാനായാൽ ജോക്കോവിച്ചിന് വിംബിൾഡണിലെ ഏറ്റവും പ്രായം കൂടിയ ചാമ്പ്യനാകാൻ കഴിയും. അതേസമയം ബോറിസ് ബെക്കറിനും ബ്യോൺ ബോർഗിനും ശേഷം മൂന്നാമത്തെ പ്രായം കുറഞ്ഞ ചാമ്പ്യനാകാൻ അൽകാരസിനുമാകും
1966-ൽ മാനുവൽ സാന്‍റാനയ്ക്കും 2008-ലും 2010-ലും കിരീടം നേടിയ റാഫേൽ നദാലിനും ശേഷം മൂന്നാമത്തെ സ്‌പാനിഷ് പുരുഷ ചാമ്പ്യനാവുക എന്നതാണ് ലക്ഷ്യമെന്ന് മത്സരത്തിന് മുന്നോടിയായി അൽകാരസ് പറഞ്ഞു. ടെന്നീസ് റാക്കറ്റ് കയ്യിലേന്താൻ തുടങ്ങിയ കാലം മുതൽ വിംബിൾഡണിൽ ഫൈനൽ കളിക്കുക എന്നത് സ്വപ്‌നമായിരുന്നു. തനിക്ക് ജോക്കോവിച്ചിനെ തോൽപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ഭയപ്പെടാൻ സമയമില്ലെന്നും ഡാനിൽ മെദ്‌വദേവിനെ സെമിയിൽ തകർത്തതിന് ശേഷം അൽകാരസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വനിത ഡബിൾസ് ഫൈനലിൽ മൂന്നാം സീഡായ എലിസ് മെർട്ടൻസ് - സ്റ്റോം സാൻഡേഴ്‌സ് സഖ്യം, ബാർബോറ സ്ട്രിക്കോവ - ഷെ സു-വെ സഖ്യത്തെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.
മര്‍ക്കേറ്റ വോണ്‍ഡ്രോസോവ വനിത ചാമ്പ്യൻ : വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് ചാമ്പ്യനായി ചെക്ക് താരം മര്‍ക്കേറ്റ വോണ്‍ഡ്രോസോവ. ഫൈനലിൽ ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂറിനെ പരാജയപ്പെടുത്തിയാണ് താരം കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കിയത്. 6-4, 6-4 എന്ന സ്‌കോറിൽ നേരിട്ട സെറ്റുകൾക്കായിരുന്നു കലാശപ്പോരാട്ടത്തില്‍ ചെക്ക് താരത്തിന്‍റെ ജയം. സീഡ് ചെയ്യപ്പെടാതെ വിംബിള്‍ഡണ്‍ വനിത വിഭാഗത്തിൽ കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് മര്‍ക്കേറ്റ വോണ്‍ഡ്രോസോവ.