ബെൽഗ്രേഡ് : സെർബിയൻ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ദീർഘകാല പരിശീലകൻ മരിയൻ വജ്‌ഡയുമായി വേർപിരിഞ്ഞു. 15 വർഷം ജോക്കോവിച്ച് ഇദ്ദേഹത്തിന്‍റെ ശിക്ഷണത്തിലായിരുന്നു. താരത്തിന്‍റെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളിലും വജ്‌ഡയുടെ നിർണായക പങ്കാളിത്തമുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോക ടെന്നിസിൽ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്‌തു.
കഴിഞ്ഞ വർഷം ടൂറിനിൽ നടന്ന എടിപി ഫൈനലിന് ശേഷമാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനമെടുത്തതെന്ന് ജോക്കോവിച്ചിന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്‌താവനയിൽ പറയുന്നു.
'എന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതും അവിസ്‌മരണീയവുമായ നിമിഷങ്ങളിൽ മരിയൻ എന്‍റെ അരികിലുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ചില അവിശ്വസനീയമായ കാര്യങ്ങളും നേടിയിട്ടുണ്ട്, കഴിഞ്ഞ 15 വർഷത്തെ അദ്ദേഹത്തിന്‍റെ സൗഹൃദത്തിനും അർപ്പണബോധത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല' വർഷങ്ങളായി വജ്‌ഡയുടെ പ്രവർത്തനത്തിന് നന്ദി പറഞ്ഞുകൊണ്ട് ജോക്കോവിച്ച് കുറിച്ചു.
തങ്ങളുടെ പങ്കാളിത്തം അവസാനിച്ചെങ്കിലും, കോർട്ടിലും പുറത്തും ജോക്കോവിച്ചിന് എല്ലാ പിന്തുണയുമായി താൻ ഉണ്ടാവുമെന്ന് വജ്‌ഡ പ്രതികരിച്ചു. 2019ൽ ജോക്കോവിച്ചിന്‍റെ കൂടെ ചേർന്ന ഗോറാൻ ഇവാനിസെവിച്ച് ഉൾപ്പെടെയുള്ള കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങൾ 34-കാരനൊപ്പം പ്രവർത്തിക്കുന്നത് തുടരും. ബോറിസ് ബെക്കർ, ആന്ദ്രെ അഗാസി, റാഡെക് സ്റ്റെപാനെക് എന്നിവരും മുമ്പ് സെർബിയൻ താരത്തിന്‍റെ പരിശീലക സംഘത്തിന്‍റെ ഭാഗമായിട്ടുണ്ട്.
ALSO READ: ISL : ബ്ലാസ്‌റ്റേഴ്‌സിന്‍റെ സെമി സാധ്യതകൾ അറിയാം
ഈ ആഴ്‌ചയുടെ ആദ്യത്തിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. 361 ആഴ്‌ച ഒന്നാമതായ റെക്കോർഡ് നേട്ടത്തിന് ശേഷം ജോക്കോവിച്ചിന് എടിപി ലോക ഒന്നാം റാങ്കിംഗ് നഷ്‌ടമായി. ഓസ്‌ട്രേലിയൻ ഓപ്പൺ വിലക്കിനുശേഷം മടങ്ങിയെത്തിയ സെർബിയൻ താരം ദുബായ് ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്‍റെ ജിരി വെസെലിയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങുകയും ചെയ്‌തു.
ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ ജോക്കോവിച്ച് നിലവിൽ റോജർ ഫെഡററിനൊപ്പം രണ്ടാം സ്ഥാനത്താണ്. 9 ഓസ്‌ട്രേലിയൻ ഓപ്പൺ, 6 വിംബിൾഡൺ, 3 യുഎസ് ഓപ്പൺ, 2 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ പേരിലുണ്ട്.