മെല്‍ബണ്‍ : വിസയുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കിടെ ഓസ്‌ട്രേലിയൻ ഓപ്പണിനായുള്ള നറുക്കെടുപ്പിൽ നൊവാക് ജോക്കോവിച്ചിനെ ഉൾപ്പെടുത്തി.
ഔദ്യോഗിക നറുക്കെടുപ്പ് ഒരു മണിക്കൂറിലധികം വൈകിപ്പിച്ചാണ് സംഘാടകരായ ടെന്നിസ് ഓസ്‌ട്രേലിയ നടത്തിയിരുന്നത്. ലോക ഒന്നാം നമ്പറായ സെര്‍ബിയന്‍ താരത്തിന് നാട്ടുകാരനായ മിയോമിർ കെക്‌മാനോവിച്ചാണ് ആദ്യ മത്സരത്തിലെ എതിരാളി.
എന്നാല്‍ ജോക്കോയുടെ വിസ രണ്ടാമതും റദ്ദാക്കാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. കൊവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ താരം സമ്മതിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്.
എമിഗ്രേഷന്‍ ഫോമില്‍ ഏജന്‍റ് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കൊവിഡ് സ്ഥിരീകരിച്ച സമയത്ത് ഒരു മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചിരുന്നുവെന്നുമായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍.
also read:ഇന്ത്യന്‍ ഓപ്പണ്‍ : കിഡംബി ശ്രീകാന്ത് ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൊവിഡ്
രണ്ടാഴ്ചയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന എമിഗ്രേഷന്‍ ഫോമിലെ ചോദ്യത്തിന്, ഇല്ല എന്നാണ് ജോക്കോ നല്‍കിയ മറുപടി. എന്നാല്‍ സ്‌പെയിനിലേക്കും മറ്റും താരം യാത്ര നടത്തിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ വിവേചനാധികാരം ഉപയോഗിച്ച് ജോക്കോയുടെ വിസ വീണ്ടും റദ്ദാക്കാന്‍ കുടിയേറ്റമന്ത്രിക്ക് അധികാരമുണ്ട്. ഈ മാസം 17-നാണ് ടൂര്‍ണമെന്‍റ് തുടങ്ങുന്നത്.
നേരത്തെ ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന് തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് താരത്തിന്‍റെ വിസ പുനഃസ്ഥാപിക്കപ്പെട്ടത്.