സ്കോപ്യേ (നോര്‍ത്ത് മസഡോണിയ): യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയര്‍ (UEFA European Championship Qualifier) ഫുട്‌ബോളില്‍ നോര്‍ത്ത് മസെഡോണിയക്കെതിരെ തോല്‍വിയില്‍ നിന്നും കഷ്‌ടിച്ച് രക്ഷപ്പെട്ട് യൂറോപ്യന്‍ വമ്പന്‍മാരായ ഇംഗ്ലണ്ട് (North Macedonia vs England Euro Qualifier Result). ഗ്രൂപ്പ് സിയിലെ എട്ടാം മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടിയെത്തിയ ഇംഗ്ലണ്ട് സമനിലയുമായാണ് കളം വിട്ടത്. മസഡോണിയന്‍ താരം ജാനി അതനാസോവിന്‍റെ (Jani Atanasov) സെല്‍ഫ് ഗോളാണ് ഗാരത് സൗത്ഗേറ്റിനെയും സംഘത്തേയും നാണക്കേടില്‍ നിന്നും രക്ഷപ്പെടുത്തിയത്.
യൂറോ ചാമ്പ്യന്‍ഷിപ്പ് യോഗ്യത ഉറപ്പിച്ച ഇംഗ്ലണ്ട് മാള്‍ട്ടയ്‌ക്കെതിരായ ജയത്തിന് പിന്നാലെയാണ് നോര്‍ത്ത് മസെഡോണിയന്‍ സംഘത്തെ നേരിടാനെത്തിയത്. ജയത്തോടെ യൂറോ 2024ന് ടോപ് സീഡ് സ്ഥാനം ഉറപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനൊത്ത പ്രകടനവും അവര്‍ക്ക് പുറത്തെടുക്കാനായി.
എന്നാല്‍, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിക്കാന്‍ നോര്‍ത്ത് മസഡോണിയക്കായി. 41-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് അവര്‍ ഗോള്‍ നേടിയത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനായി ആദ്യ മത്സരത്തിനിറങ്ങിയ റികോ ലൂയിസ് (Rico Lewis) മസെഡോണിയന്‍ സ്ട്രൈക്കര്‍ ബുയാന്‍ മിയോസ്‌കിയെ (Bojan Miovski) ഫൗള്‍ ചെയ്‌തതിനാണ് ആതിഥേയര്‍ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.
കിക്കെടുത്ത മസെഡോണിയന്‍ ക്യാപ്‌റ്റന്‍ എനീസ് ബാര്‍ദി (Enis Bardhi) പന്ത് കൃത്യമായി തന്നെ ലക്ഷ്യത്തിലേക്കെത്തിച്ചു. 59-ാം മിനിട്ടിലാണ് ഇംഗ്ലണ്ട് സമനില പിടിക്കുന്നത്. ഫില്‍ ഫോഡന്‍റെ കോര്‍ണര്‍ കിക്ക് ഡിഫ്ലക്‌റ്റഡായി മസെഡോണിയന്‍ ഗോള്‍വലയിലേക്ക് കയറുകയായിരുന്നു.
യൂറോ ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് നിലവില്‍ ഇംഗ്ലണ്ട് (UEFA EURO Championship Points Table). പൂര്‍ത്തിയായ എട്ട് മത്സരങ്ങളില്‍ ആറ് ജയവും രണ്ട് സമനിലയും വഴങ്ങിയ ടീമിന് 20 പോയിന്‍റാണ് ഉള്ളത്. നാല് ജയത്തോടെ 14 പോയിന്‍റുമായി ഇറ്റലിയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ (EURO Qualifier Group C Points Table).
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇറ്റലിയും അവസാന മത്സരത്തില്‍ യുക്രൈനോട് സമനില വഴങ്ങി (Ukraine vs Italy Match Result). ബേ അരീനയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമിനും ഗോളുകളൊന്നും നേടാനായിരുന്നില്ല. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുക്രൈനും.