ന്യൂഡല്‍ഹി: പ്രധാന രാജ്യാന്തര മത്സരങ്ങളില്‍ തനിക്ക് മാത്രമേ മെഡല്‍ നേടാന്‍ സാധിക്കൂവെന്ന് ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവും ആറ് തവണ ലോക ചാമ്പ്യനുമായ എം.സി. മേരികോം. ഒളിമ്പിക്‌സിനായുള്ള ഇന്ത്യയുടെ 51 കിലോവിഭാഗത്തില്‍ നിഖാത് സറീനെ കൂടി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു മേരികോമിന്‍റെ പ്രതികരണം. വലിയ മത്സരങ്ങൾക്കായി യുവ ഇന്ത്യന്‍ ബോക്സർമാർ കഴിവ് തെളിയിച്ചിട്ടില്ലെന്നും മേരികോം വ്യക്തമാക്കി.
അതേസമയം തന്‍റെ പ്രസ്ഥാനവനയില്‍ ആരെയും വ്യക്തിപരമായി എടുത്തുപറയാന്‍ മേരി കോം തെയ്യാറായില്ല. കഴിഞ്ഞ വർഷം വരെ മേരികോം 45-48 കിലോ വിഭാഗത്തിലാണ് മത്സരിച്ചു വന്നത്. ഈ വർഷം ഒളിമ്പിക് സ്വർണം ലക്ഷ്യമിട്ടാണ് അവർ 51 കിലോ വിഭാഗത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. യുവ ബോക്സർമാർ ചുരുങ്ങിയ അന്താരാഷ്‌ട്ര മത്സരങ്ങളിലെ വിജയങ്ങളിലൂടെ വലിയ താരങ്ങളായെന്ന് വിശ്വസിക്കുകയാണെന്നും മേരികോം കൂട്ടിചേർത്തു. ഒളിമ്പിക് സ്വർണം ഒഴികേ തനിക്ക് എട്ട് ലോക ചാമ്പന്‍ഷിപ്പ് മെഡലുകളുണ്ട്. ഒളിമ്പിക്ക് ഗോൾഡെന്ന ലക്ഷ്യം വെച്ചാണ് റിങ്ങില്‍ തുടരുന്നത്. തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണം. ഒളിമ്പിക് യോഗ്യതക്കായി കഴിവിന്‍റെ പരമാവധി ശ്രമിക്കും, അതിന് ശേഷമേ മെഡലിനെ കുറിച്ച് ആലോചിക്കൂവെന്നും മേരികോം പറഞ്ഞു.
അടുത്ത മാസം ഒളിമ്പിക് ടിക്കറ്റിനായി യുവതാരം നിഖാത് സറീനുമായി മേരി കോം 51 കിലോ വിഭാഗത്തില്‍ ഒളിമ്പിക് യോഗ്യതാ മത്സരം കളിക്കും. നേരത്തെ യോഗ്യതാ മത്സരം നടത്താതെ മേരികോമിനെ ലോക ചാമ്പ്യന്‍ഷിപ്പിന് അയച്ചതിന് എതിരേ നിഖാത് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക ജൂനിയർ ചാമ്പ്യനായ നിഖാത് കായിക മന്ത്രി കിരണ്‍ റിജ്‌ജുവിന് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബോക്‌സിങ് ഫെഡറേഷന്‍ 51 കിലോവിഭാഗത്തില്‍ യോഗ്യതാ മത്സരം നടത്താന്‍ തീരുമാനിച്ചത്.