ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയോടുള്ള ആരാധന സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച് നിഖാത്ത് സറീന്‍. ഇതിഹാസത്തിന്‍റെ പാത പിന്തുടര്‍ന്ന് എന്ന തലക്കെട്ടോടെയാണ് സറീന്‍റെ ട്വീറ്റ്. മുഹമ്മദ് അലിയുടേതിന് സമാനമായി നിഖത്ത് സറീനും വെള്ളത്തിനടിയില്‍ പരിശീലനം നടത്തുന്ന ചിത്രവും ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
ആഗോള തലത്തില്‍ ഏക്കാലത്തെയും വലിയ ഹെവി വെയിറ്റ് ബോക്‌സറാണ് മുഹമ്മദലി. അമേരിക്കയിലെ കെന്‍റകി സ്റ്റേറ്റില്‍ ഒഹിയോ നദിക്കരയിലെ ചെറു പട്ടണമായ ല്യൂസ്വെല്ലിയില്‍ 1942 ജനുവരി 17-ന് ജനിച്ച കാഷ്യസ് ക്ലേയെന്ന മുഹമ്മദലി പിന്നീട് ഇടിക്കൂട്ടിലെ പ്രകടനത്തിലൂടെ ലോകം കീഴടക്കി. ലോക ഹെവിവെയിറ്റ് ചാമ്പ്യന്‍ഷിപ്പ് മൂന്ന് തവണ സ്വന്തമാക്കുന്ന ആദ്യ ബോക്‌സറായിരുന്നു മുഹമ്മദ് അലി. 1954-ല്‍ ബോക്‌സിങ് രംഗത്തേക്ക് വന്ന അദ്ദേഹം 1960-ലെ ഒളിമ്പിക്‌സില്‍ യുഎസിന് വേണ്ടി സ്വര്‍ണമെഡല്‍ സ്വന്തമാക്കി. തുടര്‍ന്ന് പ്രോഫഷണല്‍ ബോക്‌സിങ് താരമായി. 2016 ജൂണ്‍ മൂന്നിന് തന്റെ 74-ാം വയസിലാണ് മുഹമ്മദ് അലി ഈ ലോകത്ത് നിന്നും യാത്രയായത്.
കഴിഞ്ഞ വര്‍ഷം നിഖാത്ത് സറീനും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടി. മേരി കോമിന്‍റെ ഒളിമ്പിക് യോഗ്യതയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ആരംഭിച്ചത്. 51 കിലോ വിഭാഗത്തില്‍ ഒളിമ്പിക് യോഗ്യതക്കായി ട്രയല്‍സ് നടത്തണമെന്ന് നിഖാത്ത് സറീന്‍ ആവശ്യപെട്ടത് മേരി കോമിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടത്തിയ വാക്കേറ്റം വലിയ വാര്‍ത്തയാവുകയും ചെയ്തു. അവസാനം ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ മേരി കോമിനോട് നിഖാത്ത് സറീന്‍ പരാജയപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് ശമനമായത്.