ബാർബഡോസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മറുടെ സ്വകാര്യ ജെറ്റ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി റിപ്പോര്‍ട്ട്. ബാർബഡോസില്‍ നിന്നും ബ്രസീലിലേക്ക് പറന്ന വിമാനമാണ് മണിക്കൂറുകൾക്ക് ശേഷം അടിയന്തര ലാൻഡിങ് നടത്തിയത്. ബ്രസീലിന്‍റെ വടക്കുകിഴക്കൻ ഭാഗത്താണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതെന്ന് ദി സൺ റിപ്പോര്‍ട്ട് ചെയ്തു.
യന്ത്രത്തകരാറിനെത്തുടര്‍ന്നാണ് അടിയന്തര ലാൻഡിങ്ങെന്നാണ് സൂചന. വിമാനത്തില്‍ നെയ്‌മര്‍ ഉണ്ടായിരുന്നുവോയെന്ന് വ്യക്തമല്ല. എന്നാല്‍ സഹോദരി റാഫേലയൊടൊപ്പം റണ്‍വേയില്‍ നില്‍ക്കുന്ന ചിത്രം നെയ്‌മര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തിരുന്നു. കൂടാതെ ടേക്ക് ഓഫിന് ശേഷം ആകാശത്ത് നിന്നെടുത്ത ചിത്രവും താരം പങ്കുവെച്ചിരുന്നു.
പിഎസ്‌ജിയിലെയും ബ്രസീല്‍ ടീമിനൊപ്പവുമുള്ള നീണ്ട ഒരു സീസണിന് ശേഷം അവധി ആഘോഷത്തിലാണ് നെയ്‌മറുള്ളത്. നെയ്‌മര്‍ക്കൊപ്പം സഹോദരി റാഫേലയേയും, കാമുകി ബ്രൂണ ബിയാൻകാർഡി എന്നിവരെയും നേരത്തെ മിയാമിയിൽ കണ്ടിരുന്നു.