ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ് (World Athletics Championships) ഫൈനലില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്‌ക്ക് (Neeraj Chopra) കടുത്ത വെല്ലുവിളി ആവാന്‍ പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം (Arshad Nadeem). ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന മത്സരത്തില്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ നിന്നും അര്‍ഷാദ് നദീം നേരിട്ട് യോഗ്യത നേടി. ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര (Neeraj Chopra Qualifies For World Athletics Championships Final) 88.77 മീറ്റർ ദൂരം ജാവലിന്‍ പായിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അര്‍ഷദ് നദീം 86.79 മീറ്റര്‍ എറിഞ്ഞാണ് എത്തുന്നത്. എന്നാല്‍ നീരജ് ചോപ്രയ്‌ക്ക് ഇതേവരെ കഴിയാത്ത 90 മീറ്റര്‍ ബെഞ്ച് മാര്‍ക്ക് പിന്നിട്ട താരമാണ് അര്‍ഷദ് നദീം. ഇതോടെ നീരജിന് ഫൈനല്‍ കടുപ്പമാവുമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്.
കഴിഞ്ഞ വര്‍ഷം ബെര്‍മിങ്‌ഹാമില്‍ പാക് താരം എറിഞ്ഞ 90.18 മീറ്റർ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് കൂടിയാണ്. പരിക്കിനെ തുടര്‍ന്ന് ഒളിമ്പിക്‌സിന് പിന്നാലെ നടന്ന കോമൺവെൽത്ത് ഗെയിംസില്‍ നീരജ് ഇറങ്ങിയിരുന്നില്ല. തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലിന് ഓട്ടോമാറ്റിക് ക്വാളിഫിക്കേഷനായുള്ള 83 മീറ്റര്‍ ദൂരം പിന്നിടാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ തന്‍റെ മൂന്നാം ശ്രമത്തിലാണ് അര്‍ഷാദ് നദീം യോഗ്യത ദൂരം താണ്ടിയത്. ആദ്യ ശ്രമത്തിൽ തന്നെ 70.63 മീറ്റര്‍ ദൂരമാണ് പാകിസ്ഥാന്‍ താരത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. രണ്ടാം ഏറില്‍ ഇതു 81.53 മീറ്ററിലേക്ക് എത്തിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ഇനി ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ നീരജും നദീമും നേര്‍ക്കുനേര്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് കായിക ലോകം.
ഫൈനലില്‍ മൂന്ന് ഇന്ത്യക്കാര്‍: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സ് ജാവലിനില്‍ ആകെയുള്ള 27 താരങ്ങളെയാണ് എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ച് യോഗ്യത റൗണ്ടില്‍ മത്സരിപ്പിച്ചത്. ഇരു ഗ്രൂപ്പുകളിലുമായി നീരജ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അര്‍ഷദ് നദീം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
ഇരുവരേയും കൂടാതെ ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‌ലെച്ചിനും മാത്രമാണ് ഓട്ടോമാറ്റിക് ക്വാളിഫിക്കേഷനായുള്ള 83 മീറ്റര്‍ ദൂരം പിന്നിടാന്‍ കഴിഞ്ഞത്. 83. 50 മീറ്ററാണ് താരം എറിഞ്ഞത്. ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും മൊത്തത്തിലുള്ള പട്ടികയില്‍ ആദ്യ 12-ല്‍ ഇടം നേടിയതോടെ ഇന്ത്യ ഡിപി മനു ( DP Manu), കിഷോര്‍ ജെന (Kishore Jena) എന്നിവരും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. 81.31 മീറ്ററാണ് ഡിപി മനു എറിഞ്ഞത്. 80.55 മീറ്ററാണ് കിഷോറിന്‍റെ മികച്ച ദൂരം. ഞായറാഴ്‌ചയാണ് ഫൈനല്‍ മത്സരം നടക്കുക.