ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ അണ്ടര്‍ 17 ടീമിന്‍റെ സഹ പരിശീലകന്‍ അലക്‌സ് ആംബ്രോസിനെ പുറത്താക്കി. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടാണ് നടപടി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അംഗമായ എസ്‌വൈ ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്പില്‍ പരിശീലനത്തിലുള്ള ടീമിലെ ഒരു താരത്തിനോടാണ് മോശം പെരുമാറ്റമുണ്ടായത്. സംഭവത്തിന് സാക്ഷിയായ മുഖ്യപരിശീലകന്‍ തോമസ് ഡെന്നര്‍ബി തന്നെയാണ് ഇക്കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചത്.
സംഭവത്തെ തുടര്‍ന്ന് മുൻ ഇന്ത്യൻ ഇന്‍റര്‍നാഷണൽ കൂടിയായ ആംബ്രോസിനെ നോർവേയിൽ നിന്ന് തിരികെ വിളിക്കുകയും ചെയ്തതായും ഖുറേഷി അറിയിച്ചു. അലക്‌സ് ആംബ്രോസിനെതിരായ തുടര്‍നടപടികള്‍ വൈകാതെ ഉണ്ടാകുമെന്നും ഖുറേഷി വ്യക്തമാക്കി.
ഒക്‌ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 വനിത ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം യൂറോപ്യന്‍ പര്യടനം നടത്തുന്നത്. ഭുവനേശ്വര്‍, ഗോവ, നവി മുംബൈ എന്നീ മൂന്ന് നഗരങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുക. യുഎസ്എ, മൊറോക്കോ, ബ്രസീല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലാണ് ഇന്ത്യയുള്ളത്.