റോം: ജോൺ ഇസ്നറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് റാഫേൽ നദാൽ ഇറ്റാലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഒരു മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിൽ 6-3 6-1 എന്ന സ്കോറിനാണ് കളിമൺ കോർട്ടിലെ രാജാവായ നദാൽ അമേരിക്കൻ താരത്തെ വീഴ്ത്തിയത്. 21 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ നദാൽ പ്രീ-ക്വാർട്ടറിൽ കാനഡയുടെ ഡെനിസ് ഷാപോവലോവിനെ നേരിടും.
കനേഡിയൻ ലോക 16-ാം നമ്പറായ ഷാപോവലോവ് രണ്ടാം റൗണ്ടിൽ ജോർജിയയുടെ നിക്കോലോസ് ബാസിലാഷ്വിലിയെ 6-4 7-6 (7-5) എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഗ്രിഗോർ ദിമിത്രോവിനെ 6-3 5-7 7-6 (7-4) എന്ന സ്കോറിന് തോൽപിച്ച് ഗ്രീസ് നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. റഷ്യയുടെ കാരെൻ ഖച്ചനോവിനാണ് ഗ്രീക്ക് താരത്തിന്റെ എതിരാളി.
മറുവശത്ത്, രണ്ടാം സീഡ് ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവ് അർജന്റീനയുടെ സെബാസ്റ്റ്യൻ ബെയ്സിനെ 7-6 (8-6) 6-3 ന് പരാജയപ്പെടുത്തി. നിലവിലെ ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ചാമ്പ്യൻ ഇനി ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ നേരിടും.