ന്യൂഡല്‍ഹി : ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങള്‍ക്കായി വിരുന്നൊരുക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് പ്രഭാത ഭക്ഷണത്തിനായി കായിക താരങ്ങളെ ക്ഷണിച്ചിരുന്നത്.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കിടെ കായിക താരങ്ങളുടെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. നേരത്തേ വെങ്കല മെഡല്‍ ജേതാവ് പിവി സിന്ധുവുമായും സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
ഗുസ്തി താരങ്ങളായ അൻഷു മാലിക്, സീമ ബിസ്ല കോച്ച് ജഗ്മന്ദർ സിങ് എന്നിവരോടൊപ്പം, റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) സസ്പെൻഡ് ചെയ്ത വിനേഷ് ഫോഗട്ടും ചടങ്ങിനെത്തിയിരുന്നു.
ടോക്കിയോ ഒളിമ്പിക്സിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഡബ്ല്യുഎഫ്ഐ വിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്തത്.
also read: കനേഡിയൻ ഓപ്പണ്‍: മെദ്‌വെദേവിനും കാമില ജിയോർജിക്കും കിരീടം
ഹംഗറിയിലെ പരിശീലനത്തിന് ശേഷം കോച്ച് വോളോര്‍ അക്കോസിനോടൊപ്പം ടോക്കിയോയിലെത്തിയ വിനേഷ്, ഒളിമ്പിക് വില്ലേജില്‍ താമസിക്കാനും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും വിസമ്മതിച്ചിരുന്നു.
ഇത് കൂടാതെ ഇന്ത്യയുടെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ നല്‍കിയ ജഴ്‌സി ധരിക്കാതെ നൈക്കിന്‍റെ ജഴ്‌സി ധരിച്ചാണ് താരം മത്സരത്തിനിറങ്ങിയത്. വിനേഷിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ഡബ്ല്യുഎഫ്ഐയുടെ വിലയിരുത്തല്‍.