പാരിസ്: സൂപ്പർ താരം ലയണൽ മെസിക്കെതിരെ അച്ചടക്ക നടപടിയുമായി പിഎസ്‌ജി. ക്ലബിന്‍റെ അനുമതിയില്ലാതെ കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദർശിച്ചതിനെ തുടർന്നാണ് താരത്തിനെതിനെ നടപടി. മെസിയെ രണ്ടാഴ്‌ച്ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തതായി ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് ആണ് വാർത്ത പുറത്തുവിട്ടത്.
സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കയാണ് ക്ലബിന്‍റെ നടപടി. ഇക്കാലയളവിൽ മെസിക്ക് പിഎസ്‌ജിക്കൊപ്പം കളത്തിലിറങ്ങാനോ പരിശീലനം നടത്താനോ അനുമതി ഉണ്ടായിരിക്കില്ല. ഇതോടെ ട്രൊയസ്, അജാക്‌സിയോ ടീമുകൾക്കെതിരായ ലീഗ് വൺ മത്സരങ്ങൾ മെസിക്ക് നഷ്‌ടമാകുമെന്നുറപ്പാണ്. സസ്‌പെൻഷൻ സമയത്തെ പ്രതിഫലവും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഫ്രഞ്ച് ലീഗിൽ ലോറിയന്‍റിനെതിരായ മത്സരത്തിന് ശേഷമാണ് മെസി സൗദി അറേബ്യയിലേക്ക് പോയത്. ലോറിയന്‍റിനെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ മെസി സൗദി സന്ദർശിച്ചത് ക്ലബിന്‍റെ അനുമതി ഇല്ലാതെയാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. പിഎസ്‌ജി മാനേജർ, സ്‌പോർട്ടിങ് അഡ്വൈസർ എന്നിവർ യാതയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്നായിരുന്നു അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നത്.
സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ അംബാസഡറായ ലയണൽ മെസിയും കുടുംബവും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയും ചെയ്‌തു. പിന്നാലെയാണ് താരത്തിനെതിരെ പിഎസ്‌ജി അച്ചടക്ക നടപടിയുമായി എത്തിയിരിക്കുന്നത്.