ലണ്ടന്‍ : ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ആഗ്രഹിക്കുന്നതിന് കാരണം ലയണൽ മെസിയാണെന്ന് ചെല്‍സിയുടെ മുന്‍ താരം ടോണി കാസ്‌കറിനോ. ചാമ്പ്യൻസ് ലീഗിലെ തന്‍റെ റെക്കോർഡ് മെസി തകർക്കുമോയെന്ന ഭയമാണ് റൊണാൾഡോയെ യുണൈറ്റഡ് വിടാൻ പ്രേരിപ്പിക്കുന്നതെന്നും കാസ്‌കറിനോ ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു.
'മികച്ച കളിക്കാരനായ റൊണാൾഡോയ്ക്ക് അതുപോലെ തന്നെ ഈഗോയുമുണ്ട്. റൊണാൾഡോ കളിച്ചിട്ടുള്ള ടീമുകളെല്ലാം വിജയം നേടിയിരുന്നു. അതുകൊണ്ടുതന്നെ ടീം പ്ലേയർ എന്ന നിലയിലായിരിക്കും നിങ്ങളതിന് പിന്നാലെ പോവുക.
മികച്ച പല ഗോളുകളും അവന്‍ നേടിയിട്ടുണ്ട്. ആ നേട്ടങ്ങള്‍ക്കുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് റൊണാൾഡോ. മികച്ച രീതിയില്‍ കളിക്കുമ്പോഴും വിജയിക്കുമ്പോഴും അതെല്ലാം നല്ലതായിരിക്കും. എന്നാല്‍ അതിന് സാധിക്കാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്' - ടോണി കാസ്‌കറിനോ പറഞ്ഞു.
also read: ഗബ്രിയേല്‍ ജെസ്യൂസ് ഗണ്ണേഴ്‌സില്‍; ഔദ്യോഗിക പ്രഖ്യാപനമായി
'എനിക്ക് ചില സംശയങ്ങളുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ 141 ഗോളുകളാണ് റൊണാള്‍ഡോയ്‌ക്കുള്ളത്. മെസിക്ക് 125 ഗോളുകളുമുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാതിരിക്കാന്‍ റൊണാള്‍ഡോയ്ക്ക് ആഗ്രഹമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം റൊണാള്‍ഡോയ്‌ക്ക് ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാവണം. അവന്‍ അങ്ങനെയാണ്' - കാസ്‌കറിനോ പറഞ്ഞു.
അതേസമയം ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് യുണൈറ്റഡിനോട് റൊണാള്‍ഡോ ഔദ്യോഗിക അഭ്യർഥന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കുന്ന ക്ലബ്ബിലേക്ക് മാറാനാണ് താരം ലക്ഷ്യംവയ്‌ക്കുന്നത്. ചെല്‍സി, ബയേണ്‍, നാപോളി എന്നീ ക്ലബ്ബുകള്‍ റൊണാള്‍ഡോയ്‌ക്കായി താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.