ലണ്ടൻ: ടോട്ടൻഹാമിന്‍റെ മുൻ പരിശീലകനായിരുന്ന മൗറീഷ്യോ പൊച്ചെട്ടിനോ അടുത്ത സീസണിൽ ചെൽസി പരിശീലകനായി ചുമതലയേൽക്കുമെന്നാണ് വാർത്തകൾ. സമീപകാലത്ത് കോടികൾ വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കിയെങ്കിലും ഇതിനൊത്ത മികവിലേക്ക് ടീമിന് ഉയരാനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ യുവതാരങ്ങളെയെല്ലാം നല്ല രീതിയിൽ വിനിയോഗിക്കാൻ അറിയുന്ന പരിശീലകനെയാണ് ചെൽസിക്ക് ആവശ്യം. പൊച്ചെട്ടിനോ ടീമിനെ മികച്ച രീതിയിൽ നയിക്കുമെന്നാണ് പ്രതീക്ഷ.
2014 മുതൽ 2019 വരെയുള്ള സീസണുകളിലാണ് അർജന്‍റീനക്കാരനായ മൗറീഷ്യോ പൊച്ചെട്ടിനോ ടോട്ടൻഹാമിന്‍റെ പരിശീലക കുപ്പായമണിഞ്ഞത്. ടോട്ടന്നത്തിന്‍റെ പരിശീലകനായെത്തിയ പൊച്ചെട്ടിനോ ടീമിലെ യുവതാരങ്ങളായ ഹാരി കെയ്ൻ, ഡെലെ അല്ലി, എറിക് ഡയർ തുടങ്ങിയ താരങ്ങൾക്കൾക്കെല്ലാം നിരവധി അവസരങ്ങളാണ് നൽകിയത്. ഇതാണ് ചെൽസി നിരയിലെ യുവതാരങ്ങളുടെയും പ്രതീക്ഷ. 30 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ച നേരിടുന്ന ചെൽസിയെ തിരികെ ഫോമിലേക്ക് എത്തിക്കുന്നതോടൊപ്പം പരമാവധി യുവതാരങ്ങളെ ഉപയോഗിച്ച് ഭാവി ലക്ഷ്യമിട്ട് ടീമിനെ പുനർനിർമിക്കുക എന്ന വലിയൊരു ദൗത്യവും പൊച്ചെട്ടീനോയുടെ മുന്നിലുണ്ടാകും.
നിലവിൽ ചെൽസി ടീമിൽ അധികം അവസരങ്ങളില്ലാത്ത പ്രതിഭാശാലികളായ യുവ താരങ്ങൾക്ക് പൊച്ചെട്ടിനോയ്ക്ക് കീഴിൽ മികവ് പുറത്തടുക്കാനായേക്കും. ലെവി കോൾവിൽ, ലൂയിസ് ഹോൾ, അർമാൻഡോ ബ്രോജ, എന്നിവർ കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുന്ന യുവ താരങ്ങളാണ്. ജമൈക്കൻ കൗമാരതാരം ഒമറി ഹച്ചിൻസൺ, കാർണെ ചുക്വമേക്ക എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ട്രാൻസ്‌ഫറിൽ 100 മില്യണിലധികം ചെലവിട്ട് ചെൽസി സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ്, മിഖെയ്‌ലോ മുഡ്രിക് എന്നിവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പൊച്ചെട്ടിനോയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചെൽസി മാനേജ്‌മെന്‍റും ആരാധകരും.
ഗതി പിടിക്കാതെ ചെൽസി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ മൂന്നാം പരാജയം. സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ ബ്രെന്‍റ്‌ഫോർഡിനെ നേരിട്ട ചെൽസി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ബ്രെന്‍റ്‌ഫോർഡിനായി ബ്രയാൻ എംബ്യൂമോ ഒരു ഗോൾ നേടിയപ്പോൾ ചെൽസി നായകൻ സെസാർ ആസ്‌പിലിക്യൂറ്റയുടെ സെൽഫ് ഗോളായിരുന്നു രണ്ടാം ഗോൾ.
തോമസ് ടുഷേലിന് പകരം പരിശീലകനായെത്തിയ ലമ്പാർഡിന് കീഴിൽ ചെൽസി കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ചെൽസിക്ക് അവരുടെ അവസാന എട്ട് മത്സരങ്ങളിൽ ഒന്നുപോലും ജയിച്ചിട്ടില്ല. 993/94 സീസണിന് ശേഷമുള്ള ഏറ്റവും മോശം ഫോമിലാണ് ചെൽസി കളിക്കുന്നത്.
37-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഒരു സെൽഫ് ഗോളിലൂടെയാണ് ബ്രെന്‍റ്‌ഫോർഡ് മുന്നിലെത്തിയത്. കോർണർ തടയാനുള്ള ആസ്‌പിലിക്യൂറ്റയുടെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു. 78-ാം മിനിറ്റിൽ എംബ്യൂമോയുടെ ഇടംകാലൻ സ്ട്രൈക്ക് ബ്രെന്‍റ്‌ഫോർഡിന്‍റെ ലീഡ് ഇരട്ടിയാക്കുകയും അവരുടെ വിജയം ഉറപ്പിക്കുകയും ചെയ്‌തു. ഈ തോൽവിയോടെ ചെൽസി ടേബിളിൽ 11-ാം സ്ഥാനത്ത് തുടരുകയാണ്. 32 മത്സരങ്ങളിൽ നിന്നും 39 പോയിന്‍റാണുള്ളത്. ബ്രെന്‍റ്‌ഫോർഡ് 47 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്തെത്തി.
മറ്റ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ വോൾവ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെയും ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിനു ഫുൾഹാമിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നോട്ടിങ്‌ഹാം ഫോറസ്റ്റ് ബ്രൈറ്റനെയും ഒന്നിനെതിരെ രണ്ട് ഗോളിനു ലിവർപൂൾ വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി. ലീഡ്‌സ് യുണൈറ്റഡ്-ലെസ്റ്റർ സിറ്റി മത്സരം 1-1 സമനിലയിൽ പിരിഞ്ഞു.