ന്യൂഡൽഹി: വെറ്ററൻ ഇന്ത്യൻ ബോക്‌സർ എംസി മേരി കോം കോമണ്‍വെൽത്ത് ഗെയിംസിന്‍റെ ട്രയൽസിൽ നിന്ന് പിന്മാറി. 48 കിലോ ഗ്രാം വിഭാഗത്തിന്‍റെ സെമിഫൈനൽ മത്സരത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ആറ് തവണ ലോക ചാമ്പ്യനായ താരത്തിന് ട്രയൽസിൽ നിന്ന് പാതിവഴിയിൽ പിന്മാറേണ്ടി വന്നത്. മേരി കോം പിന്മാറിയതോടെ ഹരിയാനയുടെ നിതു സിഡബ്ല്യുജി ട്രയൽസിന്‍റെ ഫൈനലിൽ കടന്നു.
മത്സരത്തിന്‍റെ ആദ്യ റൗണ്ടിൽ തന്നെ മേരി കോമിന് പരിക്കേറ്റിരുന്നു. മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാലിൽ അതിയായ വേദന അനുഭവപ്പെട്ടതിനാൽ 'റഫറി സ്റ്റോപ്‌സ് ദി കോണ്ടസ്റ്റ്' പ്രകാരം നിതുവിനെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് താരത്തെ സ്‌കാനിങിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോമണ്‍വെൽത്ത് ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐബിഎ എലൈറ്റ് വനിതാ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും, 2022 ലെ ഏഷ്യൻ ഗെയിസ് ട്രയൽസിലും പങ്കെടുക്കില്ലെന്ന് മേരി കോം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കാലിനേറ്റ പരിക്ക് താരത്തിന് തിരിച്ചടിയാകും എന്നാണ് വിവരം.