ന്യൂഡല്‍ഹി: പത്മ പുരസ്‌ക്കാരം പട്ടികയില്‍ എട്ട് കായിക താരങ്ങൾ. ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം ഒളിമ്പ്യന്‍ മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്‌മവിഭൂഷന്‍. അതേസമയം ലോക ചാമ്പ്യനും ഒളിമ്പ്യനുമായ ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവിനെ പത്‌മഭൂഷണിന് വേണ്ടിയും തെരഞ്ഞെടുത്തു. പത്മശ്രീക്കായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അടക്കം ആറ് പേരെയാണ് കായികരംഗത്ത് നിന്ന് തെരഞ്ഞെടുത്തത്.
മേരി കോം നേരത്തെ 2006ല്‍ പത്മശ്രീയും 2013ല്‍ പത്മഭൂഷനും നേടി. കൂടാതെ രാജീവ് ഗാന്ധി ഖേല്‍ രത്നാ അവാർഡും അർജുന അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന ഏക താരമെന്ന റെക്കോഡും മേരി കോമിന്‍റെ പേരിലാണ്. രാജ്യസഭാംഗം കൂടിയായ താരം 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. 2014 ഏഷ്യന്‍ ഗെയിംസിലും 2018 എഷ്യന്‍ ഗെയിംസിലും അവർ സ്വർണ മെഡല്‍ നേടി. ഈ നേട്ടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് മേരി കോം. കഴിഞ്ഞ വര്‍ഷം നടന്ന ലോക വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി വെങ്കലം നേടിയിരുന്നു.
അതേസമയം ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയതാണ് പി വി സിന്ധുവിനെ പത്മഭൂഷണ് അര്‍ഹയാക്കിയത്. 2009-ലാണ് താരം ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. റിയോ ഒളിമ്പിക്‌സില്‍ താരം വെള്ളിമെഡല്‍ സ്വന്തമാക്കി. നേരത്തെ 2015-ല്‍ താരം പത്മശ്രീ നേടിയിരുന്നു.
ഇരുവരെയും കൂടാതെ ആറ് ഇന്ത്യന്‍ താരങ്ങൾ പത്മശ്രീ പുരസ്‌കാരത്തിനും അർഹരായി. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ സഹീര്‍ ഖാന്‍, വനിത ഫുട്ബോളര്‍ ഒയിനം ബെംബം ദേവി, ഹോക്കി താരങ്ങളായ എം പി ഗണേശ്, റാണി രാംപാല്‍, ഷൂട്ടിംഗ് താരം ജിത്തു റായി, ആര്‍ച്ചര്‍ തരുണ്‍ദീപ് റായ് എന്നിവരാണ് പത്‌മശ്രീക്ക് അര്‍ഹരായത്. 141 പേരടങ്ങുന്ന പട്ടികയാണ് പത്മ പുരസ്‌കാരങ്ങള്‍ക്കായി പ്രഖ്യാപിച്ചത്. ഏഴ് പേര്‍ക്ക് പത്മവിഭൂഷനും 16 പേര്‍ക്ക് പത്മഭൂഷനും 118 പേര്‍ക്ക് പത്മശ്രീയും ലഭിക്കും.