ബ്യൂണസ് ഐറിസ് : എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ ലയണല്‍ മെസിയെന്ന് അര്‍ജന്‍റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. എക്കാലത്തേയും ഏറ്റവും മികച്ച ഫുട്ബോളറായി ഒരാളെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ താന്‍ മെസിയുടെ പേര് പറയും. മറഡോണ ഇതിഹാസ താരമാണെങ്കിലും മെസിയാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നും സ്‌കലോണി വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസി അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് സ്‌കലോണിയുടെ പ്രശംസ. സ്പാനിഷ് റേഡിയോ സ്റ്റേഷനായ കോപ്പിനോടാണ് 44കാരനായ സ്‌കലോണി ഇക്കാര്യം പറഞ്ഞത്. 2018ലെ റഷ്യന്‍ ലോകകപ്പിലെ പരാജയത്തിന് ശേഷം രാജ്യാന്തര ഇടവേളയെടുക്കാന്‍ പദ്ധതിയിട്ട മെസിയെ തിരികെ എത്തിച്ചതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.
'മെസിയുമായി ഒരു വീഡിയോ കോള്‍ നടത്തുകയായിരുന്നു ഞങ്ങള്‍ ആദ്യം ചെയ്തത്. തിരികെ വരൂ, ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുകയാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞു. അതാണ് ഞങ്ങള്‍ ചെയ്‌തത്. എട്ട് മാസത്തിന് ശേഷം അദ്ദേഹം തിരികെയെത്തുകയും ഒരു മികച്ച ടീമിനെ കണ്ടെത്തുകയും ചെയ്‌തു' - സ്‌കലോണി കൂട്ടിച്ചേര്‍ത്തു.
മെസിയെ പരിശീലിപ്പിക്കുക അത്ര പ്രയാസമല്ലെന്നും അര്‍ജന്‍റൈന്‍ കോച്ച് വ്യക്തമാക്കി. സാങ്കേതികമായി മെസിയെ നിങ്ങള്‍ക്ക് തിരുത്താനാവില്ല. എന്നാല്‍ ആക്രമണത്തിന്‍റെ കാര്യത്തിലും പ്രസ്സിങ്ങിന്‍റെ കാര്യത്തിലും ചില രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കാമെന്നും സ്‌കലോണി പറഞ്ഞു.
ALSO READ: ക്രിസ്റ്റ്യാനോയുടെ സൗദി അരങ്ങേറ്റം; ഓള്‍ സ്റ്റാര്‍ ഇലവൻ ക്യാപ്റ്റനായി പിഎസ്‌ജിക്കെതിരെ
ഖത്തറില്‍ വിജയികളായതോടെ ഫിഫ ലോകകപ്പില്‍ മറ്റൊരു കിരീടത്തിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പാണ് അര്‍ജന്‍റീന അവസാനിപ്പിച്ചത്. ഫൈനലില്‍ നിലവിലെ ജേതാക്കളായിരുന്ന ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്‍റീന തോല്‍പ്പിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് മെസിയാണ്.