മാഞ്ചസ്റ്റർ: പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റിഡിന്‍റെ ജീവശ്വാസമാണ് യുവ സ്ട്രൈക്കർ മാർകസ് റാഷ്‌ഫോർഡ്. കഴിഞ്ഞ സീസണിൽ പരിക്കിന്‍റെ പിടിയിലായിരുന്ന താരം നാല് ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ ഈ സീസണിൽ പരിശീലകൻ എറിക് ടെൻ ഹാഗിന്‍റെ വിശ്വസ്ഥനായ സ്‌ട്രൈക്കർ 28 ലീഗ് മത്സരങ്ങളിലും കളത്തിലിറങ്ങുകയും ടീമിനായി നിർണായക ഗോളുകൾ നേടുകയും ചെയ്‌തു.
തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് റാഷ്‌ഫോർഡ് കളിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതോടെയാണ് മുഴുനീള സ്ട്രൈക്കറായി റാഷ്‌ഫോർഡിനെ ആശ്രയിക്കേണ്ടി വന്നത്. എന്നാൽ ഈ സീസണിൽ യുണൈറ്റഡിന്‍റെ 36% ലീഗ് ഗോളുകളും നേടിയ ഇംഗ്ലീഷ് സ്ട്രൈക്കറുടെ ജോലിഭാരം ലഘൂകരിക്കാൻ പകരം സ്ട്രൈക്കറെ തേടുകയാണ് മാനേജ്‌മെന്‍റ്. സീസണിലുടനീളം ടീമിനായി 28 തവണയാണ് റാഷ്‌ഫോർഡ് ലക്ഷ്യം കണ്ടത്.
പരിക്കും സസ്‌പെൻഷനുകളും താരം ആന്‍റണി മാർഷ്യൽ, ക്രിസ്റ്റ്യൻ എറിക്‌സൺ, കാസെമിറോ തുടങ്ങിയ താരങ്ങളെ എല്ലാ മത്സരങ്ങൾക്കും ലഭ്യമായിരുന്നില്ല. എന്നാൽ പരിക്കുകളില്ലാതെ യുണൈറ്റഡിന്‍റെ 28 പ്രീമിയർ ലീഗ് ഗെയിമുകളിലും കളിക്കാൻ കഴിഞ്ഞതിൽ റാഷ്‌ഫോർഡിനോട് പരിശീലകൻ ടെൻ ഹാഗ് നന്ദി പറയേണ്ടതുണ്ട്. യുണൈറ്റഡ് റാഷ്‌ഫോർഡിനെ വളരെയധികം ആശ്രയിക്കുന്നുവെന്ന് ടെൻ ഹാഗ് ബ്രെന്‍റ്‌ഫോർഡിനെതിരായ മത്സരശേഷം വ്യക്തമാക്കി.
കഴിഞ്ഞ സമ്മറിൽ യുണൈറ്റഡിന്‍റെ ഏറ്റവും മികച്ച സൈനിങ്ങുകളിലൊന്നായ ബ്രസീലിയൻ താരം കാസിമിറോ ലീഗിൽ മൂന്ന് ഗോളുകളാണ് നേടിയിട്ടുള്ളത്. പരിക്ക് കാരണം സീസണിന്‍റെ പകുതിയോളം നഷ്‌ടപ്പെട്ട ആന്‍റണി മാർഷ്യൽ മൂന്ന് ഗോളുകളും ജെയ്‌ഡൻ സാഞ്ചോ നാല് ഗോളുകളും മാത്രമാണ് നേടിയത്. ബേൺലിയിൽ നിന്നും ലോണ്‍ അടിസ്ഥാനത്തിലാണ് യുണൈറ്റഡിലെത്തിയ വെഗോർസ്റ്റിന് 19 മത്സരങ്ങളിൽ നിന്ന് ഗോളൊന്നും നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ യുവസ്ട്രൈക്കർക്ക് വിശ്രമം അനുവദിക്കുന്നതിനായി പകരക്കാരെ തേടുകയാണ് യുണൈറ്റഡ് മാനേജ്‌മെന്‍റ്. റാഷ്‌ഫോർഡിനൊപ്പം കളിക്കാനായി ടീമിലെത്തിക്കാൻ ശ്രമിക്കുന്ന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം...
ഹാരി കെയ്‌ൻ : മുന്നേറ്റ നിരയിലെത്തിക്കാൻ യുണൈറ്റഡ് മാനേജ്‌മെന്‍റ് ശ്രമിക്കുന്നതിൽ പ്രമുഖനാണ് ടോട്ടൻഹാം താരം ഹാരി കെയ്‌ൻ. മികച്ച പ്രീമിയർ ലീഗ് റെക്കോഡും ഇംഗ്ലണ്ട് ദേശീയ ടീമിൽ റാഷ്‌ഫോർഡിനൊപ്പം കളിക്കുന്ന പരിചയവും ഹാരി കെയ്‌നെ ടീമിലെത്തിക്കുന്നത് ഗുണം ചെയ്യും. മധ്യനിരയിലിറങ്ങി മനോഹരമായി കളിക്കാനാകുന്ന കെയ്‌നിന് റാഷ്‌ഫോർഡിന്റെ ദൗർബല്യങ്ങൾക്ക് അനുസൃതമായി കളിക്കാനാകും. ഇത് മധ്യനിരയിൽ ബ്രൂണോയ്‌ക്കും സഹായകമാകും. റാഷ്‌ഫോർഡിന്‍റെ കരുത്തും വേഗമാർന്ന ഡ്രിബ്ലിങ്ങുകളും കെയ്‌നിന്‍റെ ഷൂട്ടിങ് മികവും ഒത്തുചേർന്നാൽ യുണൈറ്റഡ് മുന്നേറ്റം കരുത്താർജിക്കും.
എന്നാൽ ഹാരി കെയ്‌നിന്‍റെ പ്രായമാണ് വെല്ലുവിളി. ഈ വർഷം 30 തികയുന്ന സ്‌ട്രൈക്കർക്ക് എത്രകാലം ഇതേ ഫോമിൽ തുടരാനാകുമെന്നാണ് സംശയം. ഇടക്കിടെ കണങ്കാലിനേൽക്കുന്ന പരിക്കും തിരിച്ചടിയായേക്കും. അതിനുപുറമെ താരത്തെ കൈമാറുന്നതിനായി ടോട്ടൻഹാം വലിയ തുക തന്നെ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ 30കാരനായ താരത്തിന് വലിയ തുക പ്രതിഫലമായി നൽകേണ്ടിയും വരും. എങ്കിലും യുണൈറ്റഡിന് വീണ്ടും പ്രീമിയർ ലീഗ് കിരീടം ഉയർത്താനും ചാമ്പ്യൻ ലീഗിൽ മികച്ച പ്രകടനം നടത്താനും റാഷ്‌ഫോർഡിനൊപ്പം മുന്നേറ്റത്തിൽ ഹാരി കെയ്‌നിന്‍റെ സാന്നിധ്യം കൂടുതൽ കരുത്ത് പകരും
വിക്ടർ ഒസിമെൻ : സമീപകാലത്തെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന നാപോളി സൂപ്പർ സ്‌ട്രൈക്കർ വിക്ടർ ഒസിമെനാണ് സാധ്യത കൽപിക്കുന്ന മറ്റൊരു താരം. പ്രീമിയർ ലീഗിന് പുറത്ത് യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ഒസിമെൻ. 23 മത്സരങ്ങളിൽ 21 ഗോളുകളാണ് ഇതുവരെയുള്ള ഗോൾ നേട്ടം.
ഹാരി കെയ്നിൽ നിന്നും വളരെ വ്യത്യസ്‌തമായ ശൈലിയാണ് ഒസിമെന് ഉള്ളത്. പെനാൽറ്റി ഏരിയയില്‍ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കറാണ് ഈ നൈജീരിയൻ താരം. മികച്ച ശാരീരിക ക്ഷമതയും വേഗമാർന്ന നീക്കങ്ങളും എടുത്ത് പറയേണ്ടതാണ്. രണ്ടിലധികം താരങ്ങളെ ഒരേസമയം ഡ്രിബിൾ ചെയ്‌ത് വേഗത്തിൽ മുന്നേറാൻ കഴിവുള്ള താരമാണ് അദ്ദേഹം. കൃത്യതയോടെയുള്ള ഫിനിഷിങ്ങും ഏരിയൽ ബോളുകളെ ഗോളാക്കാനുള്ള കഴിവും താരത്തിന്‍റെ പ്രത്യേകതയാണ്.
നാപോളിയിൽ നിന്നും താരത്തെ ടീമിലെത്തിക്കാൻ 100 മില്യണിലധികം ചെലവാക്കേണ്ടി വരുമെന്നുറപ്പാണ്. എങ്കിലും ഹാരി കെയ്‌നുമായി താരതമ്യപ്പെടുത്തുമ്പോൾ ദീർഘകാലത്തേക്ക് ഒസിമെനെ ടീമിൽ നിലനിർത്താനാകും എന്നത് ഗുണം ചെയ്യും. റാഷ്ഫോർഡിനൊപ്പം ഒസിമെൻ കൂടെ ചേർന്നാൽ യുണൈറ്റഡിന്‍റെ ഗോൾവേട്ടയ്‌ക്ക് കരുത്തേകും. ഏരിയൽ ബോളുകളിൽ റാഷ്‌ഫോർഡിനെക്കാൾ മികവ് കാണിക്കുന്ന താരത്തിനായിരിക്കും ഗോളടിയുടെ പ്രഥമ ചുമതലയുണ്ടാകുക.
ഗോൺസലോ റാമോസ് : ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്‍റെ ഹാട്രിക് ഹീറോയും ബെൻഫിക്കയുടെ മുന്നേറ്റ താരവുമായ ഗോൺസലോ റാമോസ് യുണൈറ്റഡ് മാനേജ്മെന്‍റ് നോട്ടമിടുന്ന താരമാണ്. ലോകകപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയ മത്സരത്തിൽ പകരമിറങ്ങി ഹാട്രിക് നേടിയതോടെയാണ് ഗോൺസലോ റാമോസ് പ്രശംസ പിടിച്ചുപറ്റിയത്. അതിന് ശേഷം ക്ലബ് തലത്തിലും മികച്ച ഫോം തുടരുകയാണ്. ബെൻഫിക്കയ്‌ക്കായി ഈ സീസണിൽ 25 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട് താരം. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പോർച്ചുഗീസ് ലീഗ് കിരീടത്തിലേക്ക് കണ്ണുവെക്കുന്ന ബെൻഫിക്കയുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത് റാമോസിന്‍റെ പ്രകടനമാണ്.
ഒസിമെനുമായി താരതമ്യപ്പെടുത്തുമ്പോൾ അത്രയും ശാരീരിക ക്ഷമതയില്ലെങ്കിലും അപാരമായ ബോൾ കൺട്രോളും വേഗമാർന്ന മുന്നേറ്റവും ഫിനിഷിങ്ങും താരത്തിന്‍റെ പ്രത്യേകതയാണ്. ഗോൺസലോ റാമോസിന് റാഷ്‌ഫോർഡിന് മികച്ച പിന്തുണ നൽകാനാകുമെന്നാണ് വിലയിരുത്തുന്നത്. 21 വയസ് മാത്രം പ്രായമുള്ള താരത്തെ ദീർഘകാല കരാറിൽ ടീമിലെത്തിക്കാനാകും യുണൈറ്റഡ് ശ്രമിക്കുക.
റാൻഡൽ കോലോ മുവാനി : ഖത്തർ ലോകകപ്പ് ഫൈനലിൽ ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ റാൻഡൽ കോലോ മുവാനിയുടെ ഷോട്ട് അർജന്‍റീന ഗോൾകീപ്പർ തടഞ്ഞത് ആരും മറക്കാനിടയില്ല. ലോകകപ്പിന് പിന്നാലെ ജർമൻ ക്ലബ് ഐൻട്രാക്‌റ്റ് ഫ്രാങ്ക്ഫർട്ടിനായി മികച്ച പ്രകടനമാണ് കോലോ മുവാനി നടത്തുന്നത്. സെന്റർ ഫോർവേഡ് റോളിൽ താരം ഇതുവരെ 19 ഗോളുകളും 14 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കോലോ മുവാനി ടീമിലെത്തുകയാണെങ്കിൽ റാഷ്‌ഫോർഡ് തന്നെയാകും ടീമിന്‍റ പ്രഥമ സ്‌ട്രൈക്കറായി തുടരുക.