മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിൽ പഴയ പ്രതാപം കടലാസിൽ മാത്രമായി ഒതുങ്ങിയിരുക്കുന്ന സാഹചര്യമാണുള്ളത്. 2022-23 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റു തുടങ്ങിയ ചെകുത്താൻമാർ പോയിന്‍റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ബ്രൈറ്റണെതിരായ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റ യുണൈറ്റഡ് രണ്ടാം മത്സരത്തിൽ ബ്രെന്‍റ്‌ഫോര്‍ഡിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തകർന്നടിഞ്ഞത്.
മികച്ച മധ്യനിരയില്ലാതെ ഇനിയുമെത്ര കാലം..? മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മധ്യനിരയുടെ അവസ്ഥ എത്രത്തോളം മോശമാണെന്ന് മൈക്കിൾ കാരിക്ക് വിരമിച്ചത് മുതൽ ആരാധകർ കാണുന്നതാണ്. ഈ സീസണിലും ഇതുവരെ അതിനു പരിഹാരമായിട്ടില്ലന്നെതാണ് ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൺ 2013ൽ പടിയിറങ്ങിയതിന് മുതൽ പ്രീമിയർ ലീഗ് ഉൾപ്പെടെ എല്ലാ മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ ബുദ്ധിമുട്ടുകയാണ്.
ബ്രൈറ്റൺ എതിരായ ആദ്യ മത്സരത്തിൽ യുണൈറ്റഡിന്‍റെ മധ്യനിരയിൽ മക്‌ടോമിനയും ഫ്രെഡും ഉള്ളപ്പോൾ കളിച്ചതിനേക്കാൾ മികച്ച രീതിയിലാണ് ഈ താരങ്ങൾ ഒന്നുമില്ലാതെ രണ്ടാം പകുതിയുടെ അവസാനം കളിച്ചത്. ഇത് അത് മക്‌ടോമിനയും ഫ്രെഡും എന്ത് മോശമാണെന്നതിന്‍റെ തെളിവാണ്. ബ്രെന്‍റ്‌ഫോർഡിനെതിരായ മത്സരത്തിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഏതൊരു ടീമിനും മികച്ച കളി മെനഞ്ഞെടുക്കാൻ മധ്യനിരയിൽ പരിചയ സമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ആവശ്യമാണ്.
ഈ സീസണിന്‍റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്ഥിരം പരിശീലകനായി ചുമതലയേറ്റ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിന്‍റെ വരവോടെ ടീമിന്‍റെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ മാത്രമാണ് ബാക്കി. ടെൻ ഹാഗ് പരിശീലകസ്ഥാനമേറ്റെടുക്കുമ്പോൾ മികച്ച ഒരു ഹോൾഡിംഗ് മിഡ്‌ഫീൽഡറെ ടീമിലെത്തിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരുന്നത്.
ടെൻ ഹാഗിന്‍റെ ആവശ്യപ്രകാരം ബാഴ്‌സലോണയുടെ ഫ്രാങ്കി ഡി ജോങ്ങിനെ ടീമിലെത്തിക്കാൻ ശ്രമം നടന്നു. എന്നാൽ താരം യുണൈറ്റഡിൽ ചേരാൻ വിസമ്മതിച്ചോടെ ആ ശ്രമം പാളി. പിന്നീട് ഏതെങ്കിലും ഒരു മിഡ്‌ഫീൽഡർ എന്ന രീതിയിലായിരന്നു മാനേജ്മെന്‍റിന്‍റെ ശ്രമം. എങ്കിലും നിലവിലെ മിഡ്‌ഫീൽഡ് ജോടികളായ മക്-ഫ്രഡ് സഖ്യത്തെക്കാൾ ഭേദമാകും എന്ന മനോഭാവത്തിലാണ് മാനേജ്മെന്‍റ്. അതാണ് യുണൈറ്റഡ് യുവന്‍റസ് താരം റാബിയോയെ സ്വന്തമാക്കാൻ ശ്രമിക്കാൻ കാരണം.
അതിനൊപ്പം തന്നെ റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായും വാർത്തകളുണ്ട്. താരത്തിനെ ടീമിലെത്തിക്കാനായാലും ടീമിന് ഗുണം ചെയ്യും. റയലിന്‍റെ മധ്യനിരയിലെ പ്രധാന താരമാണ് കാസെമിറോ. മിഡ്‌ഫീൽഡിൽ ബ്രൂണോ ഫെർണാണ്ടസിനും ക്രിസ്റ്റ്യൻ എറിക്‌സണുമൊപ്പം പരിചയസമ്പന്നനായ കാസെമിറോ കൂടെ എത്തുകയാണെങ്കിൽ മധ്യനിര കൂടുതൽ കരുത്താർജിക്കും.
റാബിയോ അത്ര മികച്ച താരമാണോ? അതറിയാൻ ഇറ്റാലിയൻ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. യുവന്‍റസ് ആരാധകരും ബോർഡും എല്ലാം റാബിയോ ക്ലബ് വിടുന്നത് ആഘോഷിക്കുകയാണ് എന്ന രീതിയിലാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ മക്-ഫ്രഡ് സഖ്യത്തെക്കാൾ മികച്ച പ്രകടനമൊന്നും താരത്തിൽ നിന്നും പ്രതീക്ഷിക്കാനാവില്ല.
ഇതിന് പകരമായി മിലിങ്കോവിച് സാവിച്ചിന്‍റെ പേരാണ് യുണൈറ്റഡ് ആരാധകർ മുന്നോട്ട് വെക്കുന്നത്. ലാസിയോ മധ്യനിരയിലെ പ്രധാനിയായ സാവിച് ഡിഫൻസിലും അറ്റാക്കിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ കളിച്ച 10നു മുകളിൽ അസിസ്റ്റും 10നു മുകളിൽ ഗോളുകളും നേടിയ താരം.
പക്ഷെ സാവിച് വരുമോ? ഏറെ കാലമായി സാവിച് ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ലാസിയോ ചോദിക്കുന്ന തുക വളരെ വലുതായത് കൊണ്ട് താരത്തെ സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല എന്നതാണ് സത്യം. യുണൈറ്റഡ് ആ തുക നൽകാൻ തയ്യാറായാൽ 27കാരൻ മാഞ്ചസ്റ്ററിൽ എത്തും. അവസാന 7 വർഷമായി സാവിച് ലാസിയോക്ക് ഒപ്പം ഉണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ ഇപ്പോഴും ആരാധകരുടെ ഒരു സ്വപ്നം മാത്രമാണ്. ക്ലബ് ഔദ്യോഗികമായി ഒരു നീക്കവും സാവിചിനായി നടത്തിയിട്ടില്ല.
പിന്നെ യുണൈറ്റഡിന്‍റെ കയ്യിലുള്ള ആയുധങ്ങൾ യുവതാരങ്ങളായ ഗാർനർ, ഇക്ബാൽ സിദാൻ, സാവേജ് എന്നവരാണ്. ഇതിൽ ഗാർനറിന് അവസരങ്ങൾ നൽകാൻ ടെൻ ഹാഗ് തയ്യാറായേക്കും. കഴിഞ്ഞ സീസണിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി ചാമ്പ്യൻഷിപ്പിൽ ലോണിൽ കളിച്ച ഗാർനർ അവിടെ അത്ഭുത പ്രകടനമാണ് കാഴ്‌ചവെച്ചത്.
എന്നാൽ പരിക്ക് കാരണം പ്രീസീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്‌ടമായത് ഗാർനറിന് തിരിച്ചടിയായേക്കും. ടെൻ ഹാഗിനെ തൃപ്‌തിരപ്പെടുത്താനുള്ള അവസരമാണ് പരിക്ക് കാരണം ഗാർനറിന് നഷ്‌ടമായത്. എന്തായാലും ഗാർനർ നിലവിലെ താരങ്ങളെക്കാൾ ഭേദമാകും എന്നാണ് താരത്തിന്‍റെ കഴിഞ്ഞ സീസണിലെ പ്രകടനം നൽകുന്ന സൂചന.
ഇഖ്ബാലും സാവേജും യുണൈറ്റഡ് മധ്യനിരയിൽ സ്ഥാനം പിടിക്കാൻ ഇനിയും സമയം എടുക്കും. ഇപ്പോൾ അവരെ ഈ വലിയ ലീഗിലേക്ക് ലോണിൽ അയക്കുന്നത് അവരുടെ ഭാവിയെയും ബാധിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ മികച്ച താരങ്ങളെ മധ്യനിരയിലേക്ക് എത്തിക്കാനായില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതും മറ്റൊരു ദുരിത സീസണായി മറക്കേണ്ടി വരുമെന്നതിൽ സംശയമില്ല.