മാഞ്ചസ്റ്റർ : ഡച്ച് കോച്ച് എറിക് ടെൻഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനായേക്കും. ചുമതയേറ്റെടുക്കുന്നതുമായി എറിക് ടെൻഹാഗുമായി ക്ലബ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ഇഎസ്‌പിഎന്‍ ഉള്‍പ്പടെയുള്ള വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലബ്ബിന്‍റെ ഇടക്കാല കോച്ച് റാൽഫ് റാങ്നിക് ഈ സീസണിനൊടുവിൽ ചുമതലയൊഴിയുന്നതോടെയാണ് ടെൻഹാഗ് പരിശീലകനായെത്തുക.
കഴിഞ്ഞമാസം നടന്ന അഭിമുഖത്തിനൊടുവിൽ ക്ലബ് ഷോർട്ട്‍ലിസ്റ്റ് ചെയ്‌ത നാല് പേരില്‍ ഒരാളാണ് എറിക് ടെൻഹാഗ്. പിഎസ്‌ജി കോച്ച് മൗറിസിയോ പൊച്ചെറ്റിനോ, സ്‌പെയിൻ കോച്ച് ലൂയിസ് എൻറിക്വെ, സെവിയ്യയുടെ ജൂലെൻ ലോപെറ്റെഗി എന്നിവരുടേതാണ് പട്ടികയിലെ മറ്റ് പേരുകള്‍.
also read: ഖത്തര്‍ ലോകകപ്പ് : മത്സരങ്ങളുടെ സമയം മാറ്റില്ല, അഭ്യൂഹങ്ങള്‍ തള്ളി ഫിഫ
ചെൽസിയുടെ തോമസ് ടൂഷ്യൽ, ബയേൺ മ്യൂണിക്കിന്‍റെ ജൂലിയൻ നഗൽസ്‌മാൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും നിലവിലെ ക്ലബ്ബുകള്‍ വിടാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. അതേസമയം നിലവില്‍ ഡച്ച് ക്ലബ് അജാക്സിനെയാണ് ടെൻഹാഗ് പരിശീലിപ്പിക്കുന്നത്. ടെൻഹാഗ് അടുത്ത സീസണോടെ ഓൾഡ് ട്രാഫോർഡിലെത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ ഇഎസ്‌പിഎന്നിനോട് പറഞ്ഞു.