മൊൾഡോവ: യൂറോപ്പ ലീഗ് ഫുട്ബോളിൽ ആദ്യ ജയം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. മൊൾഡോവൻ ക്ലബായ ഷെറിഫാണ് യുണൈറ്റഡിന്‍റെ എതിരാളികൾ. രാത്രി 10:15നാണ് മത്സരം.
ഗ്രൂപ്പ് ഇ യില്‍ ഒന്നാം സ്ഥാനക്കാരാണ് ഷെറിഫ്. ആദ്യ മത്സരം റയല്‍ സോസിഡാഡിനോട് തോല്‍വി വഴങ്ങിയ യുണൈറ്റഡിന് വരും മത്സരങ്ങള്‍ എല്ലാം നിര്‍ണായകമാണ്.
ലീഗില്‍ ആദ്യ ജയം ലക്ഷ്യമിട്ട് യുണൈറ്റഡ് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനിൽ ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സീസണില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് റൊണാള്‍ഡോ യുണൈറ്റഡിന്‍റെ ആദ്യ ഇലവനിലെത്തിയത്. ആ രണ്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.
ഷെറിഫിനെതിരായ മത്സരത്തില്‍ മുന്നേറ്റനിരയിൽ മാർക്കസ് റാഷ്ഫോർഡും ജേഡൺ സാഞ്ചോയും എത്തുന്നതോടെ റൊണാൾഡോ വീണ്ടും പകരക്കാരനാവാനാണ് സാധ്യത. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും തിരരികെയെത്തും ബ്രൂണോയ്ക്കൊപ്പം ക്രിസ്റ്റ്യൻ എറിക്സൺ, സ്കോട്ട് മക്ടോമിനെ എന്നിവരാകും മധ്യനിരയില്‍.
ഇതോടെ റയല്‍ മാഡ്രിഡില്‍ നിന്നും യുണൈറ്റഡിലേക്ക് ചേക്കേറിയ കാസിമിറോക്ക് ആദ്യ ഇലനിലെത്താൻ കാത്തിരിക്കേണ്ടിവരും. നായകൻ ഹാരി മഗ്വയറിന് പകരം പ്രതിരോധ നിരയില്‍ റഫേൽ വരാനെ തിരിച്ചെത്താനാണ് സാധ്യത. ലീഗിലെ ആദ്യ മത്സരത്തില്‍ ഷെറിഫ് എതിരില്ലാത്ത മൂന്ന് ഗോളിന് സൈപ്രസ് ക്ലബ് ഒമോനിയയെ ആണ് പരാജയപ്പെടുത്തിയത്.