ലണ്ടന്‍ : സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടുകയാണെങ്കില്‍ പകരക്കാരനായി പിഎസ്‌ജി സ്‌ട്രൈക്കര്‍ നെയ്‌മറിനെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ടതായി റിപ്പോര്‍ട്ട്. റൊണാൾഡോ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിരീകരണമില്ല.
കഴിഞ്ഞ മെയില്‍ നൽകിയ അഭിമുഖത്തിൽ ക്ലബ്ബിനൊപ്പം തുടരാനും, പുതിയ പരിശീലകനായി എത്തിയ എറിക് ടെൻ ഹാഗിന് കീഴിൽ കളിക്കാനുള്ള താൽപര്യവും റൊണാൾഡോ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ട്രാൻസ്‌ഫർ മാർക്കറ്റിൽ കാര്യമായ ചലനങ്ങൾ സൃഷ്‌ടിക്കാനാവാത്തത് യുണൈറ്റഡില്‍ തുടരാനുള്ള താരത്തിന്‍റെ തീരുമാനത്തെ മാറ്റിച്ചിന്തിപ്പിച്ചതായാണ് വിവരം.
റൊണാൾഡോയുടെ മുൻ ക്ലബ്ബായ സ്‌പോർട്ടിങ് ലിസ്‌ബൺ, ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമ, ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ബയേൺ തങ്ങളെയും താരത്തെയും ബന്ധപ്പെടുത്തിയ അഭ്യൂഹങ്ങൾ നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ താരം ചെൽസിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.
ഇതോടെയാണ് ക്രിസ്റ്റ്യാനോയ്‌ക്ക് പകരക്കാരനായി നെയ്‌മറിനെ സ്വന്തമാക്കാന്‍ യുണൈറ്റഡ് ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പിഎസ്‌ജിയില്‍ കളിക്കുന്ന നെയ്‌മറിന് പ്രതീക്ഷിക്കുന്ന പ്രതിഫലം കിട്ടിയാല്‍ ഫ്രഞ്ച് കരുത്തര്‍ കൈമാറുമെന്നാണ് വിവരം. 2017ല്‍ റെക്കോഡ് തുകയായ 222 ദശലക്ഷം ഡോളറിനാണ് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്.
also read: നെയ്‌മര്‍ക്കൊരു സ്വപ്‌നമുണ്ട്, അതുനേടാതെ പിഎസ്‌ജി വിടില്ലെന്ന് മുന്‍ ഏജന്‍റ്
എന്നാല്‍ ഫ്രഞ്ച് ടീമിനൊപ്പം കാര്യമായ പ്രകടനം നടത്താന്‍ നെയ്‌മര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ താരത്തെ ഒഴിവാക്കാന്‍ പിഎസ്‌ജി തയ്യാറെടുക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പരിക്കിനെ തുടര്‍ന്ന് പിഎസ്‌ജിയുടെ ഭൂരിഭാഗം മത്സരങ്ങളിലും വിട്ടുനില്‍ക്കേണ്ടിവന്ന നെയ്‌മര്‍ക്ക് മിക്കപ്പോഴും മികവിലേക്ക് ഉയരാനായിരുന്നില്ല.
അഞ്ച് സീസണുകളിലായി വെറും 92 ലീഗ് മത്സരങ്ങളിലുള്‍പ്പടെ 144 കളികളിലാണ് താരം പിഎസ്‌ജി കുപ്പായത്തിലിറങ്ങിയത്. ആകെ നേടിയത് 100 ഗോളുകളും. നിലവില്‍ 2025 വരെയാണ് നെയ്‌മര്‍ക്ക് പിഎസ്‌ജിയുമായി കരാറുള്ളത്.