ലണ്ടന്‍ : മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വെയറിന് ബോംബ് ഭീഷണി. മഗ്വെയറിന്‍റെ ചെഷയറിലെ വസതിയില്‍ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഇ മെയിലൂടെയാണ് താരത്തിന് ഈ സന്ദേശം ലഭിച്ചതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഭീഷണിയെത്തുടര്‍ന്ന് താരത്തിന്‍റെ വസതിയില്‍ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മഗ്വെയറിന്‍റെ പ്രതിശ്രുതവധു ഫേൺ ഹോക്കിൻസിനും അവരുടെ രണ്ട് പെൺമക്കളുമാണ് ഇവിടെ താമസിക്കുന്നത്. വിൽംസ്ലോ ഏരിയയിലെ ഒരു വീട്ടില്‍ ബോംബ് ഭീഷണിയുണ്ടെന്ന് പരാതി ലഭിച്ചതായി ചെഷയർ പൊലീസ് പ്രസ്‌താവനയില്‍ അറിയിച്ചു.
വീട്ടില്‍ നിന്നും ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ പൂന്തോട്ടങ്ങളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയതായും പൊലീസ് വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ കനത്ത തോല്‍വിക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്.
24 മണിക്കൂറിനിടെ മഗ്വെയറിനും കുടുംബത്തിനും ഗൗരവകരമായ ഭീഷണി സന്ദേശം ലഭിച്ചതായി താരത്തിന്‍റെ വക്താവ് പറഞ്ഞു. വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ട്. തന്‍റെ കുടുംബത്തിന്‍റെയും ചുറ്റുമുള്ളവരുടെയും സുരക്ഷയാണ് ഹാരിയുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. താരം സാധാരണ പോലെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പ് തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ചൊവ്വാഴ്‌ച ആൻഫീൽഡിൽ നടന്ന മത്സരത്തില്‍ 4-0ത്തിനാണ് യുണൈറ്റഡ് ലിവര്‍പൂളിനോട് തോറ്റത്. ലിവര്‍പൂളിനായി മുഹമ്മദ് സലാ ഇരട്ട ഗോള്‍ നേടിയപ്പോള്‍, സാദിയോ മാനേയും ലൂയിസ് ഡിയാസും ലക്ഷ്യംകണ്ടു.