കൊച്ചി : ഐഎസ്എല്ലില്‍ കന്നി കിരീടം തേടി കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളുമായി നടന്‍ മമ്മൂട്ടി. ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ താനും ഒപ്പമുണ്ടെന്നും പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നുവെന്നും താരം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ബ്ലാസ്‌റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
'കാല്‍പ്പന്തിന്‍റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്‍റേതാകട്ടെ. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍' മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
കലാശപ്പോരില്‍ ഹൈദരാബാദ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി. രാത്രി 7.30ന് ഫത്തോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഹൈദരാബാദിന് ആദ്യ ഫൈനലും ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ഫൈനലുമാണിത്. നേരത്തെ 2014, 2016 വര്‍ഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയിരുന്നുവെങ്കിലും എടികെ മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങി.
also read: ലാ ലിഗയില്‍ സൂപ്പര്‍ സണ്‍ഡേ ; റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന്
ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്‌പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. അതേസമയം കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കലാശപ്പോരിന് യോഗ്യത നേടിയത്.