കോലാലംപൂര്‍: മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യന്‍ താരം സൈന നെഹ്‌വാൾ പുറത്ത്. ആദ്യ റൗണ്ട് മത്സരത്തില്‍ ചൈനയുടെ ലോക 11-ാം നമ്പർ താരം ഹാൻ യുവിനെതിരെയാണ് രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ സൈന തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചൈനീസ് താരം മത്സരം പിടിച്ചത്.
ആദ്യ സെറ്റ് സ്വന്തമാക്കാന്‍ സൈനയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച ഹാൻ യു മത്സരം പിടിച്ചു. സ്‌കോര്‍: 12-21, 21-17, 21-12.
നേരത്തെ, പുരുഷ സിംഗിൾസിലെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും അട്ടിമറി തോല്‍വി വഴങ്ങി. സീഡ് ചെയ്യപ്പെടാത്ത ജപ്പാന്‍റെ കെന്‍റ് നിഷിമോട്ടോയാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. 42 മിനിട്ട് മാത്രം നീണ്ടുന്ന നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജപ്പാന്‍ താരത്തിന്‍റെ വിജയം. സ്‌കോര്‍: 21-19, 21-14.
വനിത സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ ആകർഷി കശ്യപും തോല്‍വി വഴങ്ങി. ചൈനീസ് തായ്‌പേയിയുടെ ഹ്‌സു വെൻചിയോട് 10-21, 8-21 എന്ന സ്‌കോറിനാണ് ആകർഷിയുടെ തോല്‍വി.