ലയണൽ ആന്ദ്രസ് മെസി, ലോക ഫുട്‌ബോളിന് ഈ പേര് തന്നെ ധാരാളം... അദ്ദേഹം കളിക്കാനിറങ്ങുമ്പോൾ ലോകം ഒരു കാല്‍പന്തായി ചുരുങ്ങുമെന്നാണ് മെസി ആരാധകർ വിശ്വസിക്കുന്നത്. അർജന്‍റീനയ്ക്ക് ലോകകപ്പും നേടിക്കൊടുത്ത് ഫുട്‌ബോൾ ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്ന മെസി ഇനി ആർക്കുവേണ്ടി പന്തു തട്ടുമെന്നാണ് ആരാധകർ അന്വേഷിച്ചിരുന്നത്.
18 വർഷം പന്തു തട്ടിയ ബാഴ്‌സലോണയില്‍ നിന്നിറങ്ങി പാരീസിലേക്ക് പോയ മെസി വീണ്ടും കറ്റാലൻ ക്ലബിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകർ സ്വപ്‌നം കണ്ടിരുന്നത്. ഒരു പക്ഷേ മെസിയും അങ്ങനെയൊരു സ്വപ്‌നത്തെ വല്ലാതെ താലോലിച്ചിട്ടുണ്ടാകും. എന്നാല്‍ അങ്ങനെയൊന്ന് മാത്രം സംഭവിച്ചില്ല. മെസി അമേരിക്കയിലേക്ക് പോകുകയാണ്. അവിടെ മേജർ ലീഗ് സോക്കർ (എംഎൽഎസ്) ക്ലബായ ഇന്‍റര്‍ മിയാമിയാണ് 35-കാരനായ താരത്തിന്‍റെ പുതിയ തട്ടകം.
ഇനിയാണ് കളി, പക്ഷേ കളത്തിലല്ല: മെസിയെത്തുന്നതോടെ അമേരിക്കൻ ഫുട്‌ബോളിന്‍റെ മുഖം മാറുമെന്നാണ് ചർച്ചകൾ. കാരണം ഇവിടെ മെസിക്ക് മത്സരിക്കേണ്ടത് കാല്‍പന്തുകളിയിലെ കരുത്തരോട് മാത്രമല്ല, മറിച്ച് അമേരിക്കൻ ഐക്യനാടുകളില്‍ ഏറെ ജനപ്രീതിയുള്ള എൻഎഫ്എൽ, മേജർ ലീഗ് ബേസ്ബോൾ, എൻബിഎ എന്നിവയ്‌ക്കെതിരെ കൂടിയാണ്. അടുത്ത മാസം മെസി ഇന്‍റർ മിയാമിയിൽ ചേരുന്നതോടെ മേജർ ലീഗ് സോക്കർ അതിന്‍റെ ടെലിവിഷൻ പ്രേക്ഷകരിലും മാർക്കറ്റ് ഷെയറിലും വലിയ ഉത്തേജനമാണ് പ്രതീക്ഷിക്കുന്നത്.
വന്നപ്പോൾ തന്നെ മാറ്റങ്ങൾ: മെസി അമേരിക്കൻ ലീഗിലേക്ക് വരുന്നു എന്ന വിവരം പുറത്തുവന്നപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ തരംഗമാണ് ഇന്‍റർ മിയാമിക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 469 ദശലക്ഷം ഫോളോവേഴ്‌സാണ് മെസിക്കുള്ളത്. 22 ദശലക്ഷം ഫോളോവേഴ്‌സുള്ള എല്‍എ ഗാലക്‌സിയുടെ ജാവിയർ ഹെർണണ്ടസായിരുന്നു ലീഗില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരം.
മെസിയുടെ വരവറിഞ്ഞതോടെ ഇന്‍റര്‍ മിയാമിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിലും വമ്പന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. 3.8 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴുണ്ടായിരുന്ന ഇന്‍റർ മിയാമിയുടെ അക്കൗണ്ട് നിലവില്‍ 7 ദശലക്ഷം കടന്നിട്ടുണ്ട്. മെസിയെത്തുന്നതോടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതോ, 18,000 ശേഷിയുള്ള ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നിന്നും 65,000 ശേഷിയുള്ള ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതോ ഇന്‍റര്‍ മിയാമി പരിഗണിച്ചേക്കും. എന്‍എല്‍എഫ് ഡോള്‍ഫിന്‍റെ ആസ്ഥാനമായ സ്റ്റേഡിയം 2026 ലോകകപ്പിനുള്ള വേദി കൂടിയാണ്.
പെലെയ്‌ക്കും ബെക്കാമിനും പിന്നാലെ ഉയര്‍ന്ന ജനപ്രീതി: 1975-ൽ പെലെ ന്യൂയോർക്ക് കോസ്‌മോസുമായും 2007-ൽ ഡേവിഡ് ബെക്കാം എല്‍എ ഗാലക്‌സിയുമായും കരാര്‍ ഒപ്പുവച്ചതിന് ശേഷമുണ്ടായത് പോലെ രാജ്യത്ത് സോക്കര്‍ വ്യാപിക്കാന്‍ മെസിക്ക് കഴിയുമെന്നാണ് സംഘാടകര്‍ വിശ്വസിക്കുന്നത്. ലയണൽ മെസി എംഎൽഎസിലേക്ക് വരുന്നത് ഏറെ ഗുണകരമായ കാര്യമാണെന്ന് യുഎസ് സോക്കർ ഫെഡറേഷൻ മുൻ പ്രസിഡന്‍റ് സുനിൽ ഗുലാത്തി പറഞ്ഞു.
ലോകത്തിലെ ഏക്കാലത്തേയും മികച്ച ഒരു താരത്തെയാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇനി ലോകത്തിലെ എക്കാലത്തേയും മികച്ച താരമല്ലെങ്കില്‍ തന്നെ, ലോകകപ്പിന്‍റെ ഖ്യാതിയും ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രീതിയും നേടിയാണ് ആദ്ദേഹം ഒരു അമേരിക്കന്‍ സോക്കര്‍ ലീഗില്‍ എത്തുന്നത്. അത് യുഎസില്‍ ഫുട്‌ബോളിന് അതിശയകരമായ ഒരു അവസരം തുറന്നിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെസി തന്‍റെ 35-ാം വയസില്‍ എംഎല്‍എസില്‍ എത്തുമ്പോള്‍ പെലെ 34-ാം വയസിലും ബെക്കാം 32-ാം വയസിലുമായിരുന്നു യുഎസില്‍ പന്തുതട്ടാന്‍ എത്തിയത്. അർജന്‍റീനയുടെ ദേശീയ ടീമിൽ തുടരുന്ന മെസി അടുത്ത വർഷത്തെ കോപ്പ അമേരിക്കയിലും, ഒരു പക്ഷെ 2026-ലെ ലോകകപ്പിലും ബൂട്ടുകെട്ടുമ്പോള്‍ രണ്ടിനും അതിഥേയത്വം വഹിക്കുന്നത് യുഎസാണെന്ന കാര്യവും ശ്രദ്ധേയമാണ്.
പെലെയ്‌ക്ക് മുമ്പ്: പെലെയുടെ വരവിന് മുമ്പ് 1974-ൽ പഴയ നോർത്ത് അമേരിക്കൻ സോക്കർ ലീഗിലെ (എന്‍എഎസ്‌എല്‍) കോസ്‌മോസിന്‍റെ ആരാധകരുടെ എണ്ണം 3,578 ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അവസാന വർഷമായ 1977 ആയപ്പോഴേക്കും ഇതു 34,000-ൽ അധികമെത്തിയെന്നാണ് കണക്കുകള്‍.
കോസ്‌മോസ് ജനറൽ മാനേജർ ക്ലൈവ് ടോയാണ് പെലെയെ ടീമില്‍ എത്തിച്ചത്. അന്നു തനിക്ക് നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ ഏറെയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഫുട്‌ബോള്‍ ഒരു പരിഹാസ്യമായ കളിയാണെന്നും അമേരിക്കക്കാർ ഒരിക്കലും അതുകളിക്കില്ലെന്നും വരെ പറഞ്ഞവരുണ്ട്. എന്നാല്‍ ഇപ്പോള്‍ ദശലക്ഷക്കണക്കിന് ഫുട്ബോൾ കളിക്കാരുള്ള ഒരു രാജ്യത്തേക്കാണ് മെസി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എസ് വളര്‍ച്ചയുടെ പാതയില്‍: 1984-ല്‍ നിര്‍ത്തിവച്ച എന്‍എഎസ്‌എല്ലിന് പകരം 1996-ലാണ് എംഎല്‍എസ് എത്തുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയും ചെയ്‌തു. അന്ന് 10 ടീമുകളുമായി ആരംഭിച്ച എംഎൽഎസില്‍ ഈ വർഷം 29 ടീമുകളാണുള്ളത്. 2025-ൽ സാൻ ഡിയാഗോയും ലീഗില്‍ കളിക്കാൻ തുടങ്ങും.
1996-ൽ 2.8 ദശലക്ഷവും ശരാശരി 17,400 ആയിരുന്ന ഹാജർ നില കഴിഞ്ഞ വര്‍ഷം 10 ദശലക്ഷമായും ശരാശരി 21,033 ആയും ഉയർന്നിരുന്നു. ഈ വർഷം മൊത്തം ഹാജർനിലയിലുണ്ടായ ഉയര്‍ച്ച 28 ശതമാനമാണ്. ടീമുകളാവട്ടെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലാണ് കളിക്കുന്നത്. ഏകദേശം 22 ടീമുകൾ പുതിയതോ, പുനർനിർമിച്ചതോ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലാണ് കളിക്കുന്നത്. വെറും ആറ് ടീമുകള്‍ മാത്രമാണ് ടർഫ് ഉപയോഗപ്പെടുത്തുന്നത്. രാജ്യത്തെ സോക്കര്‍ സ്റ്റേഡിയങ്ങൾ, അവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലന ഗ്രൗണ്ടുകൾ എന്നിവയെല്ലാം ലീഗിനെ മികച്ചതാക്കി മാറ്റുന്നതായി കഴിഞ്ഞ വർഷത്തെ ലോകകപ്പില്‍ യുഎസിനെ പരിശീലിപ്പിച്ച ഗ്രെഗ് ബെർഹാൾട്ടർ പറഞ്ഞു.
ഫുട്‌ബോളിന് ഇന്നും സ്ഥാനം പിന്നില്‍: കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യുഎസില്‍ മറ്റ് കായിക ഇനങ്ങള്‍ക്ക് പിന്നിലാണ് സോക്കറിന്‍റെ സ്ഥാനം. 272 എന്‍എഫ്‌എല്‍ (റഗ്‌ബി) റെഗുലർ-സീസൺ ഗെയിമുകള്‍ക്ക് കഴിഞ്ഞ സീസണിൽ ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുടെ ശരാശരി 16.7 ദശലക്ഷം കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്.
കൂടാതെ 18.8 ദശലക്ഷം ആരാധകരെ എന്‍എഫ്‌എല്‍ സ്റ്റേഡിയങ്ങളിലേക്ക് ആകർഷിച്ചു. 69,442 ആണ് ശരാശരി. എംഎല്‍ബിയുടെ (ബെയ്‌സ് ബോള്‍) കാര്യത്തില്‍ ശരാശരി കാണികളുടെ എണ്ണം 26,843 ആണ്. വിശ്വജേതാവായ മെസിയുടെ വരവില്‍ വമ്പന്‍ പ്രതീക്ഷയാണ് ഇന്‍റര്‍ മിയാമിക്കും എംഎല്‍എസിനുമുള്ളത്. അത് ഫലവത്താകുമെന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരും പ്രതീക്ഷിക്കുന്നത്.
ALSO READ: 'പണവും പ്രായവും', സൂപ്പർ താരങ്ങൾ യൂറോപ്പ് വിടുന്നു; അവരെ വെച്ച് കളം പിടിക്കാൻ ഏഷ്യയും അമേരിക്കയും