ഒറിഗോണ്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ലോങ് ജമ്പില്‍ മലയാളി താരം എം.ശ്രീശങ്കറിന് നിരാശ. പുരുഷ വിഭാഗം ലോങ് ജമ്പില്‍ താരത്തിന് ഏഴാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഫൈനലിലെ ആറ് ശ്രമങ്ങളും അവസാനിച്ചപ്പോള്‍ താരത്തിന് എട്ട് മീറ്റര്‍ കടക്കാനായില്ല.
ആദ്യ ശ്രമത്തില്‍ നേടിയ 7.96 മീറ്ററാണ് 23കാരനായ താരത്തിന്‍റെ മികച്ച ദൂരം. രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗളായപ്പോള്‍ നാലാം ചാട്ടത്തില്‍ എത്താനായത് 7.89 മീറ്റര്‍ ദൂരം മാത്രം. അഞ്ചാം ശ്രമം വീണ്ടും ഫൗളില്‍ കലാശിച്ചു. ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.83 മീറ്ററില്‍ ഒതുങ്ങിയതോടെയാണ് മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചത്.
ചൈനയുടെ ജിയാനന്‍ വാങ്ങാണ് സ്വര്‍ണം നേടിയത്. 8.36 മീറ്റര്‍ ദൂരം താണ്ടിയാണ് ചൈനീസ് താരത്തിന്‍റെ സ്വര്‍ണ നേട്ടം. ഗ്രീസിന്‍റെ മില്‍റ്റിയഡിസ് ടെന്‍റോഗ്ലു (8.32 മീറ്റര്‍) വെള്ളിയും, സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ സിമോണ്‍ എഹാമ്മര്‍ (8.16 മീറ്റര്‍) വെങ്കലവും നേടി.
അതേസമയം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‍റെ പുരുഷ വിഭാഗം ലോങ് ജമ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേടിയാണ് ശ്രീശങ്കര്‍ ഒറിഗോണില്‍ നിന്ന് മടങ്ങുന്നത്. കഴിഞ്ഞ ഫെഡറേഷന്‍കപ്പില്‍ 8.36 മീറ്റര്‍ പിന്നിട്ട് സ്വന്തം ദേശീയ റെക്കോഡ് തിരുത്തിയ താരത്തിന് മെഡല്‍ സാധ്യതയുണ്ടായിരുന്നു.
ആദ്യ മൂന്ന് സ്ഥാനത്ത് എത്താനായിരുന്നുവെങ്കില്‍ അഞ്ജു ബോബി ജോര്‍ജിനുശേഷം ലോക അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനും ശ്രീശങ്കറിന് കഴിയുമായിരുന്നു. 2003ല്‍ പാരീസില്‍ വനിതകളുടെ ലോങ് ജമ്പില്‍ അഞ്ജു നേടിയ വെങ്കലമാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍.