ETV Bharat / sports

തന്ത്രങ്ങള്‍ രാകി ആക്രമണ മൂര്‍ച്ചയേറ്റി, പത്മവ്യൂഹം തീര്‍ത്ത് പ്രതിരോധക്കോട്ടയുമൊരുക്കി ; സ്‌കലോണി, ദ മാസ്റ്റര്‍ ബ്രെയിന്‍ - ലോകകപ്പ് ഫൈനല്‍

2018ലെ ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് സാംപോളിക്ക് പരിശീലക സ്ഥാനം നഷ്‌ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന സ്കലോണിക്ക് അര്‍ജന്‍റൈന്‍ സംഘത്തിനെ പരിശീലിപ്പിക്കാനുള്ള ചുമതല ലഭിക്കുന്നത്. പിന്നീടിങ്ങോട്ട് നാല്‍പ്പത്തിനാലുകാരനായ പരിശീലകന് കീഴില്‍ പുതിയൊരു സാമ്രാജ്യം തന്നെ ലാറ്റിന്‍ അമേരിക്കന്‍ ടീം പടുത്തുയര്‍ത്തി

lionel scaloni  fifa world cup 2022  world cup 2022  argentina fifa world cup 2022 victory  scaloni  argentina coach lionel scaloni  lionel scaloni and argentina  സ്കലോണി  അര്‍ജന്‍റീന  ലോകകപ്പ് 2022  ഖത്തര്‍ ലോകകപ്പ്  ലോകകപ്പ് ഫൈനല്‍  അര്‍ജന്‍റൈന്‍
lionel scaloni
author img

By

Published : Dec 19, 2022, 12:38 PM IST

Updated : Dec 19, 2022, 2:36 PM IST

36 വര്‍ഷങ്ങള്‍, 1986ന് ശേഷം കാല്‍പ്പന്ത് കളിയുടെ കനകകിരീടത്തില്‍ ഒന്ന് മുത്തമിടാന്‍ അര്‍ജന്‍റീനയെന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യം കാത്തിരുന്നത് മൂന്ന് ദശാബ്‌ദക്കാലത്തോളം. അക്കാലമത്രയും അവര്‍ കേള്‍ക്കാതിരുന്ന പരിഹാസങ്ങളില്ല. അതിനൊരു അന്ത്യം കുറിക്കാന്‍ പലരും പലപ്പോഴും മുന്നിട്ടിറങ്ങി.

കിരീടം തേടിയുള്ള അവരുടെയെല്ലാം യാത്രകള്‍ പാതിവഴിയില്‍ നിലച്ചു. മിശിഹയ്‌ക്ക് പോലും കാലിടറി. ആ ജനതയ്‌ക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് പലരും വിധിയെഴുതി.

എന്നാല്‍ എഴുതിത്തള്ളിയവരുടെ മുന്നില്‍ നെഞ്ചുവിരിച്ച് നില്‍ക്കാന്‍ ആല്‍ബി സെലസ്റ്റകള്‍ക്ക് ഇന്നൊരു ദിനം വന്നെത്തിയിരിക്കുകയാണ്. മൈതാനത്തിറങ്ങിയവരെല്ലാം ഇതിഹാസ താരം ലയണല്‍ മെസിയുടെ സ്വപ്‌നം സാക്ഷാത്‌കരിക്കാനും രാജ്യത്തിന്‍റെ പേര് വാനോളമുയര്‍ത്താനും ഒരേ മനസോടെ പന്ത് തട്ടിയപ്പോള്‍ അവര്‍ക്ക് പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ടീമിനായി അയാള്‍ തന്ത്രങ്ങള്‍ മെനഞ്ഞു.

ആ തന്ത്രങ്ങള്‍ താരങ്ങള്‍ കളിക്കളത്തില്‍ പ്രതിഫലിപ്പിച്ചതോടെ തങ്ങള്‍ക്ക് മൂന്ന് ദശാബ്‌ദക്കാലമായി അകന്ന് നിന്നിരുന്ന ലോകകിരീടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടു. അതെ സാക്ഷാല്‍ മെസി ലോകകപ്പില്‍ മുത്തമിട്ട കഥ അയാളുടേത് കൂടിയാണ്. ഒരു കാലത്ത് നഷ്‌ടപ്പെട്ടുപോയ അര്‍ജന്‍റൈന്‍ ആരാധകരുടെ സ്വപ്‌നങ്ങളെ വീണ്ടും രാകിമിനുക്കിയ ലയണല്‍ സെബാസ്റ്റ്യന്‍ സ്കലോണി എന്ന നാല്‍പ്പത്തി നാലുകാരന്‍റെ കൂടി കഥ...

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ അര്‍ജന്‍റീന : നാല് വര്‍ഷം മുന്‍പ് റഷ്യയില്‍ ലോക കിരീടം തേടിയിറങ്ങിയപ്പോള്‍ വെറും ശരാശരി ടീം മാത്രമായിരുന്നു അര്‍ജന്‍റീന. 2014ലെ ലോകപ്പിലെ റണ്ണര്‍ അപ്പുകള്‍, തുടര്‍ച്ചയായ രണ്ട് വട്ടം കോപ്പ കലാശക്കളിക്കും ബൂട്ടുകെട്ടിയ ടീം ആയിരുന്നില്ല അന്ന്. ലോകകപ്പ് യോഗ്യത പോലും അവസാനഘട്ടത്തിലാണ് ടീം അന്ന് സ്വന്തമാക്കിയത്.

മിന്നും താരങ്ങള്‍ മികവിലേക്ക് ഉയരാത്തതും യൂറോപ്യന്‍ ലീഗുകളില്‍ പന്ത് തട്ടുന്ന മികച്ച കളിക്കാരുടെ അഭാവവും തെല്ലൊന്നുമല്ല അര്‍ജന്‍റീനയുടെ പ്രകടനത്തെ ബാധിച്ചത്. അര്‍ജന്‍റീനന്‍ ലീഗില്‍ കളിക്കുന്ന താരങ്ങളായിരുന്നു ടീമില്‍ ഭൂരിഭാഗവും. ലയണല്‍ മെസി എന്ന സൂപ്പര്‍ താരത്തിന്‍റെ ചിറകിലേറിയായിരുന്നു ടീം പലപ്പോഴും പരാജയമറിയാതെ രക്ഷപ്പെട്ടത്.

പരിശീലക സ്ഥാനത്ത് സാംപോളിയായിരുന്നിട്ടും കാര്യമായ മുന്നേറ്റം നടത്താന്‍ അന്ന് ആ ടീമിനായില്ല. സ്ഥിരമായൊരു ഫോര്‍മേഷനില്‍ പന്ത് തട്ടുന്നതും ലഭിക്കുന്ന ജോലി കൃത്യമായി ചെയ്‌ത് തീര്‍ക്കാന്‍ കഴിവുള്ളതുമായ താരങ്ങളും ആ ടീമില്‍ വിരളമായിരുന്നു. 2018ല്‍ റഷ്യന്‍ ലോകകപ്പില്‍ അതെല്ലാം കൊണ്ടുതന്നെ ടീമിന്‍റെ പോരാട്ടം പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് അവസാനിച്ചു.

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ സാംപോളിക്ക് പരിശീലക സ്ഥാനം നഷ്‌ടമായി. പിന്നാലെ കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന സ്കലോണിക്ക് ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം വന്നെത്തി.

അവിടുന്നിങ്ങോട്ടാണ് ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടായത്. വിവിധ ലീഗുകളില്‍ നിന്ന് പുത്തന്‍ താരങ്ങളെ സ്കലോണി ടീമിലെക്കെത്തിച്ചു. ഗോള്‍ വല കാക്കാന്‍ എമിലിയാനോ മാര്‍ട്ടിനെസ്, മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍, മുന്നേറ്റത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവരെല്ലാം അര്‍ജന്‍റൈന്‍ ജഴ്‌സിയില്‍ കളത്തിലിറങ്ങിയതോടെ ടീമിന്‍റെ മട്ടും ഭാവവും മാറി. അര്‍ജന്‍റീനയുടെ പഴയ കളിശൈലി കൈവിട്ട സ്കലോണി യൂറോപ്യന്‍ രീതികള്‍ക്ക് ചേര്‍ന്നുള്ള തന്ത്രങ്ങള്‍ ടീമിന് വേണ്ടി ആവിഷ്‌കരിച്ചു.

പിന്നീട് ജയം മാത്രം ലക്ഷ്യമിട്ടാണ് സ്കലോണി പരിശീലിപ്പിച്ച ടീം കളത്തിലേക്കിറങ്ങിയത്. തുടര്‍ന്നുള്ള യാത്രയില്‍ മുന്‍പ് രണ്ട് തവണ നഷ്‌ടപ്പെട്ട കോപ്പ അമേരിക്ക കിരീടം അര്‍ജന്‍റീനയുടെ ഷെല്‍ഫിലെത്തി. ചിരവൈരികളായ ബ്രസീലിനെ കീഴടക്കിയായിരുന്നു ആല്‍ബി സെലസ്റ്റകള്‍ 2021ല്‍ ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്മാരായത്. സാക്ഷാല്‍ ലയണല്‍ മെസിയുടെ ആദ്യ അന്താരാഷ്‌ട്ര കിരീടം കൂടിയായിരുന്നു അത്.

അന്ന് സെമിഫൈനല്‍ കളിച്ച ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് സ്കലോണി തന്‍റെ ടീമിനെ കലാശപ്പോരിന് കളത്തിലേക്കിറക്കി വിട്ടത്. അതുവരെയുള്ള മത്സരങ്ങളിലൊന്നും ടീമിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന ഡി മരിയ ഉള്‍പ്പടെ അന്ന് കളത്തിലിറങ്ങിയത് അദ്ദേഹത്തിന്‍റെ തന്ത്രങ്ങളുടെ ഭാഗമായിരുന്നു. ടൂര്‍ണമെന്‍റിലെ വ്യക്തിഗത നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് അര്‍ജന്‍റീന അന്ന് കോപ്പയില്‍ മുത്തമിട്ടത്.

പിന്നാലെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും സ്കലോണിക്ക് കീഴില്‍ അര്‍ജന്‍റീന കിതയ്‌ക്കാതെ കുതിച്ചു. തുടര്‍ന്നെത്തിയ വന്‍കരകളുടെ പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തകര്‍ത്ത് ഫൈനലിസ്സിമ കിരീടവും നേടി. കളിയില്‍ യൂറോ ചാമ്പ്യന്മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച അര്‍ജന്‍റീന മൂന്ന് ഗോള്‍ ജയമാണ് സ്വന്തമാക്കിയത്. തുടര്‍ന്ന് സ്കലോണിയും സംഘവും ഖത്തറിലേക്ക്.

സ്‌കലോണിയുടെ അറബിക്കഥ : ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അതുവരെ കണ്ട അര്‍ജന്‍റീനയായിരുന്നില്ല. സൗദിയുടെ പോരാട്ടത്തിന് മുന്നില്‍ സ്കലോണിയുടെ തന്ത്രങ്ങള്‍ പിഴച്ചു. 4-2-3-1 ശൈലിയില്‍ പോരാളികളെ കളത്തില്‍ നിരത്തിയ സ്കലോണിക്ക് മധ്യനിരയിലെ താരങ്ങളെ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ ത്രൂ ബോളും ഹൈ ബോളും മാത്രമാണ് തെരഞ്ഞെടുത്തതും.

മൂന്ന് തവണ സൗദിയുടെ ഗോള്‍വല അര്‍ജന്‍റീന ഭേദിച്ചെങ്കിലും അതെല്ലാം ഓഫ്‌സൈഡായിരുന്നു. കാരണം സൗദി ഡിഫന്‍സ് പൊളിച്ച് മുന്നേറാന്‍ മാത്രമായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിന്‍റെ നീക്കം. മറുവശത്ത് കൗണ്ടര്‍ അറ്റാക്കുകളുമായി അറേബ്യന്‍ പടക്കുതിരകള്‍ കുതിച്ചപ്പോള്‍ അതിന് മറുതന്ത്രം ഒരുക്കാനും സ്‌കലോണിക്ക് സാധിക്കാതെ പോയി. ഒടുവില്‍ മത്സരത്തില്‍ തോല്‍വിയോടെ മടങ്ങാനായിരുന്നു ടീമിന്‍റെ വിധി.

ഒരു ജീവന്‍മരണ പോരാട്ടമായിരുന്നു അര്‍ജന്‍റീനയ്‌ക്ക് ലോകപ്പിലെ മെക്സിക്കോയ്‌ക്കെതിരായ രണ്ടാം മത്സരം. തോല്‍വി പുറത്തേക്കുള്ള പാത തുറക്കുമെന്നതിനാല്‍ പുതുതന്ത്രങ്ങളാണ് മത്സരത്തില്‍ സ്കലോണി ആവിഷ്‌കരിച്ചത്. ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ മെക്സിക്കന്‍ പ്രതിരോധ കോട്ട തകര്‍ക്കുകയും പോസ്റ്റിന് മുന്നിലെ ഒച്ചാവെ എന്ന വന്‍മതിലിനെ ഭേദിക്കുകയും വേണമായിരുന്നു അര്‍ജന്‍റീനയ്‌ക്ക്.

ഇതിനായി ഗൈഡോ റോഡ്രിഗസും, അലക്സിസ് മാക് അലിസ്റ്ററും അര്‍ജന്‍റൈന്‍ മധ്യനിരയിലേക്കിറങ്ങി. ശരാശരി നിലവാരത്തിനൊത്ത പ്രകടനം ആദ്യ പകുതിയില്‍ ടീം പുറത്തെടുത്തു. രണ്ടാം പകുതിയില്‍ ജൂലിയന്‍ അല്‍വാരസിനെയും എന്‍സോ ഫെര്‍ണാണ്ടസിനെയും പരിശീലകന്‍ കളത്തിലേക്കിറക്കി.

ഇതോടെ അര്‍ജന്‍റീനയുടെ കളിയും മാറി. തുടര്‍ന്ന് മെസിയും എന്‍സോയും ഗോളടിച്ച് മെക്‌സിക്കന്‍ തിരമാലകളെ നിശബ്‌ദമാക്കി. രണ്ട് ഗോള്‍ ജയം നേടിയ ടീം മൂന്നാം മത്സരത്തില്‍ പോളണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും അപ്പോഴേക്കും തുടങ്ങിയിരുന്നു.

4-3-3 ശൈലിയിലാണ് പോളണ്ടിനെതിരെ സ്കലോണി ടീമിനെ ഇറക്കിയത്. പോളണ്ടിന്‍റെ ഇരട്ടപ്രതിരോധം മറികടന്ന് ഗോള്‍ കണ്ടെത്താന്‍ മെസിയും സംഘവും നിരന്തരം ആക്രമണം നടത്തിയിട്ടും പോളിഷ് ഗോള്‍വലമാത്രം ആദ്യ പകുതിയില്‍ കുലുങ്ങിയില്ല. മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ മെസിക്ക് സാധിച്ചില്ല. നീണ്ട ആശങ്കകള്‍ക്കൊടുവില്‍ മാക് അലിസ്റ്ററുടെ വെടിയുണ്ട കണക്കേയുള്ള ഷോട്ട് പോളണ്ടിന്‍റെ വല ഭേദിച്ചു.

പിന്നാലെ മെസിയും സംഘവും കളിപിടിച്ചു. ഇളകിയ പോളണ്ട് പ്രതിരോധ കോട്ടയിലൂടെ അല്‍വാരസ് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. ആ ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റും സ്കലോണിയും ശിഷ്യന്മാരും ഉറപ്പാക്കി.

പ്രീ ക്വാര്‍ട്ടറിലേക്കെത്തിയപ്പോഴേക്കും ടീമിന്‍റെ മധ്യനിരയുടെ കരുത്ത് വര്‍ധിച്ചു. ഡി പോളും, മാക് അലിസ്റ്ററും, എൻസോയും എണ്ണയിട്ട എഞ്ചിന്‍ പോലെ അര്‍ജന്‍റീനയുടെ മിഡ്‌ഫീല്‍ഡില്‍ പന്ത് തട്ടി. മെസിയുടെയും സംഘത്തിന്‍റെയും പോരാട്ടവീര്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയക്കും പിടിച്ചുനില്‍ക്കാനായില്ല.

കരുത്തരായ ഡച്ച് പടയെ ക്വാര്‍ട്ടറില്‍ നേരിടാനിറങ്ങിയപ്പോള്‍ സ്കലോണി വീണ്ടും തന്ത്രത്തില്‍ മാറ്റം വരുത്തി. നെതര്‍ലന്‍ഡിന്‍റെ ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ മൂന്ന് സെന്‍റര്‍ബാക്കുകളെ കോച്ച് കളിപ്പിച്ചു. ലിസാറൊ, ഒട്ടമെന്‍ഡി, റൊമേറോ എന്നിവര്‍ക്കായിരുന്നു പ്രതിരോധ പൂട്ടിട്ട് ഓറഞ്ച് മുന്നേറ്റങ്ങള്‍ തടയാനുള്ള ചുമതല.

മുന്നേറ്റത്തില്‍ മിന്നല്‍ നീക്കങ്ങളുമായി മെസി കളം നിറഞ്ഞതോടെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്താന്‍ ആല്‍ബി സെലസ്റ്റകള്‍ക്ക് സാധിച്ചു. എന്നാല്‍ റൊമേറോയേയും അക്യൂനയേയും കോച്ച് പിന്‍വലിച്ചതോടെ അര്‍ജന്‍റൈന്‍ ഡിഫന്‍സില്‍ വിള്ളലുണ്ടാക്കി ഡച്ച് പട കളിയില്‍ തിരികെയത്തി. രണ്ട് ഗോളടിച്ച് ഒപ്പമെത്തിയ നെതര്‍ലന്‍ഡ് പിന്നെയും അര്‍ജന്‍റീനയുടെ ഗോള്‍ മുഖം വിറപ്പിച്ചു.

ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്. ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനെസ് നായകനായി അവതരിച്ചപ്പോള്‍ ഡച്ച് പോരാട്ടം മറികടന്ന് മെസിപ്പട സെമിയിലേക്ക് മുന്നേറി.

സെമിയില്‍ ക്രൊയേഷ്യയാണ് എതിരാളികളായെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ടീമുകളിലൊന്നായ ക്രൊയേഷ്യക്കെതിരെ കളി പഠിച്ചാണ് സ്കലോണി ടീമിനെ ഇറക്കിയത്. 4-4-2 ശൈലിയില്‍ മധ്യനിരയില്‍ നാല് താരങ്ങളെ വിന്യസിച്ചാണ് ലൂക്ക മോഡ്രിച്ചിനെയും സംഘത്തേയും സ്കലോണി നേരിട്ടത്. ആദ്യം പതറിയെങ്കിലും പിന്നീട് കളം നിറഞ്ഞ അര്‍ജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം മത്സരത്തില്‍ പിടിച്ചടക്കി ഫൈനലിലേക്ക്.

ഫൈനലില്‍ ഫ്രാന്‍സിനെതിരെ മെസിക്കൊപ്പം ഡി മരിയയേയും സ്കലോണി കളത്തിലേക്കിറക്കി. കളിയുടെ ആദ്യ പകുതിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ ടീമിനായി. രണ്ട് ഗോള്‍ ലീഡും ഒന്നാം പകുതിയില്‍ അര്‍ജന്‍റീന സ്വന്തമാക്കി.

രണ്ടാം പകുതിയില്‍ പക്ഷേ കളിമാറി. 64ാം മിനിട്ടില്‍ ഡി മരിയയെ പരിശീലകന്‍ പിന്‍വലിച്ചു. പിന്നെ കളം നിറയുന്ന ഫ്രാന്‍സിനെയാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കണ്ടത്.

അവസാന മിനിട്ടുകളില്‍ എംബാപ്പെയുടെ തിരിച്ചടി. തുടര്‍ന്ന് എക്സ്‌ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരം. എക്‌സ്ട്രാ ടൈമില്‍ മെസിയുടെയും എംബാപ്പെയുടേയും ഗോളുകള്‍. പിന്നാലെ ഷൂട്ടൗട്ട്.

ഷൂട്ടൗട്ടില്‍ നാലെണ്ണം ഫ്രഞ്ച് വലയിലെത്തിച്ച് സ്‌കലോണിപ്പട ലോകകിരീടത്തില്‍ മുത്തമിട്ടു. 36 വര്‍ഷത്തെ കാത്തിരിപ്പിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്‍റീന തിരശ്ശീല വീഴ്‌ത്തി. പലതവണ നഷ്‌ടപ്പെട്ടുപോയ കനകകിരീടം സ്വന്തം നാട്ടിലേക്കെത്തിച്ച അയോളോട് എന്നും അര്‍ജന്‍റീനന്‍ ജനത കടപ്പെട്ടിരിക്കും.

Last Updated : Dec 19, 2022, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.