ബ്യൂണസ് ഐറിസ്: ലോകകപ്പ് വിന്നിങ് കോച്ച് ലയണല്‍ സ്‌കലോണിയുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ച് അര്‍ജന്‍റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ). അര്‍ജന്‍റൈന്‍ ദേശീയ ടീമിന്‍റെ മുഖ്യപരിശീലകനായി 2026 വരെ സ്‌കലോണി തുടരുമെന്നാണ് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച പാരിസിൽ വച്ച് എഎഫ്എ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് സ്‌കലോണി കരാർ പുതുക്കിയത്.
ഇതോടെ അടുത്ത ഫിഫ ലോകകപ്പിലും 44കാരന് കീഴിലാവും അര്‍ജന്‍റൈന്‍ ടീം ഇറങ്ങുക. കാനഡ, മെക്‌സിക്കോ, യുഎസ്‌എ എന്നീ രാജ്യങ്ങളാണ് 2026ലെ ലോകകപ്പിന് അതിഥേയത്വം വഹിക്കുന്നത്. ഖത്തര്‍ വേദിയായ 2022ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് സ്‌കലോണിയുടെ അര്‍ജന്‍റീന കിരീടം നേടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. ഖത്തറിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റു തുടങ്ങിയ അര്‍ജന്‍റീന ഒടുവില്‍ കിരീടം നേടി മടങ്ങുമ്പോള്‍ സ്‌കലോണിയെന്ന പരിശീലകന്‍റെ തന്ത്രങ്ങള്‍ ടീമിന്‍റെ കുതിപ്പില്‍ ഏറെ നിര്‍ണായകമായിരുന്നു. ഈ നേട്ടത്തിന് 2022ലെ ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്‌കാര നേട്ടത്താലാണ് അദ്ദേഹം ആദരിക്കപ്പെട്ടത്.
-
Lionel Scaloni: #TheBest FIFA Men’s Coach 2022 👏 pic.twitter.com/j6HyKopWnw
— FIFA World Cup (@FIFAWorldCup) February 27, 2023 " class="align-text-top noRightClick twitterSection" data="
">Lionel Scaloni: #TheBest FIFA Men’s Coach 2022 👏 pic.twitter.com/j6HyKopWnw
— FIFA World Cup (@FIFAWorldCup) February 27, 2023Lionel Scaloni: #TheBest FIFA Men’s Coach 2022 👏 pic.twitter.com/j6HyKopWnw
— FIFA World Cup (@FIFAWorldCup) February 27, 2023
26 കളിക്കാരും ചേര്‍ന്നാണ് തങ്ങളെ മഹത്വത്തിലേക്ക് നയിച്ചതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സ്‌കലോണി പറഞ്ഞു. "ഈ അത്ഭുതകരമായ ടീമിനെ പരിശീലിപ്പിക്കാൻ അവസരം നൽകിയതിന് എഎഫ്‌എ പ്രസിഡന്‍റിനോട് എന്നെന്നും നന്ദിയുള്ളവനാണ്. ഞങ്ങളെ മഹത്വത്തിലേക്ക് നയിച്ച 26 കളിക്കാരോടും നന്ദിയുള്ളവനാണ്. അവരില്ലാതെ ഞങ്ങൾക്ക് ഒന്നും നേടാനാവുമായിരുന്നില്ല", സ്‌കലോണി പറഞ്ഞു.
2018ലെ റഷ്യ ലോകകപ്പില്‍ അവസാന 16-ൽ ടീം പുറത്തായതിനെത്തുടർന്ന് സ്ഥാനം നഷ്‌ടപ്പെട്ട ജോർജ്ജ് സാമ്പോളിയുടെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫിന്‍റെ ഭാഗമായാണ് സ്‌കലോണി അർജന്‍റീനയ്‌ക്കൊപ്പം തന്‍റെ പ്രവർത്തനം ആരംഭിച്ചത്. തുടര്‍ന്ന് ടീമിന്‍റെ പരിശീലകനായി ഉയര്‍ന്ന സ്‌കലോണി 2021-ൽ കോപ്പ അമേരിക്ക കിരീടത്തിലേക്ക് ടീമിനെ നയിച്ചു.
പിന്നാലെ ഫൈനലിസിമ കിരീടവും സ്‌കലോണിയും സംഘവും സ്വന്തമാക്കി. ഇതേവരെ 57 മത്സരങ്ങളില്‍ സ്‌കലോണിക്ക് കീഴില്‍ ഇറങ്ങിയ അര്‍ജന്‍റീന 37 എണ്ണത്തില്‍ വിജയം നേടിയിട്ടുണ്ട്. 15 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ടീം തോല്‍വി വഴങ്ങിയത്.
അര്‍ജന്‍റീന ദ ബെസ്റ്റ്: ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന മയം ആയിരുന്നു പാരിസില്‍ നടന്ന ഫിഫ ദ ബെസ്റ്റ് പുരസ്‌കാര ചടങ്ങ്. സ്‌കലോണി മികച്ച പരിശീലകനായപ്പോള്‍ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയാണ് സ്വന്തമാക്കിയത്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ മറികടന്നാണ് മെസിയുടെ നേട്ടം.
ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇത്തവണ 35-കാരനായ മെസിയെ ഫിഫ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് മെസി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. നേരത്തെ 2019ല്‍ ആയിരുന്നു താരം പ്രസ്‌തുത അവാര്‍ഡ് നേടിയത്. മികച്ച ഗോള്‍ കീപ്പറായി എമിലിയാനോ മാര്‍ട്ടിനെസും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ബെസ്റ്റ് ഫാന്‍സ് അവാര്‍ഡ് നേടിയതാകട്ടെ അര്‍ജന്‍റീനയുടെ ആരാധകരാണ്.