ദോഹ : ഖത്തര്‍ ലോകകപ്പ് ലയണല്‍ മെസിക്ക് റെക്കോഡുകളുടെ കാല്‍പന്തുകാലമായിരുന്നു. ഐതിഹാസികമായ പ്രകടനം കാഴ്‌ചവച്ച് ഫൈനല്‍ പിടിച്ചടക്കിയ മെസിയെ കാത്തിരുന്നത് ഇരട്ടി മധുരമാണ്. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും കൈയില്‍ പിടിച്ച് ലോകകപ്പ് കിരീടത്തില്‍ മുത്തമിടുന്ന മെസിയെ ആണ് ഫൈനലിന് ശേഷം ലോകം കണ്ടത്. 7 ഗോളുകളും 4 അസിസ്റ്റുകളും നേടി മെസി ഈ ലോകകപ്പിലെ മികച്ച കളിക്കാരനായി.
2014 ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍ മെസിക്കായിരുന്നു. അന്ന് ഫൈനലില്‍ അര്‍ജന്‍റീന ജര്‍മനിയോട് പൊരുതി തോറ്റെങ്കിലും മികച്ച കളിക്കാരനായത് മെസിയാണ്. ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യ താരമാണ് മെസി.
1998 മുതലുള്ള ലോകകപ്പ് ചരിത്രം പരിശോധിച്ചാല്‍ ലോകകപ്പ് കിരീടവും ഗോള്‍ഡന്‍ ബോളും ഒരേ ടീമിലേക്ക് എത്തിയിരുന്നില്ല എന്ന വസ്‌തുത മനസിലാക്കാം. എന്നാല്‍ ആ ചരിത്രവും മെസിക്ക് മുന്നില്‍ വഴിമാറുകയായിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് മെസിയെ മറികടന്ന് കിലിയന്‍ എംബാപ്പെ സ്വന്തമാക്കി.
ഫൈനലിലെ ഹാട്രിക് അടക്കം 8 ഗോളാണ് ഫ്രാന്‍സ് സൂപ്പര്‍ താരം നേടിയത്. ഗോള്‍ഡന്‍ ബൂട്ടിനായുള്ള മെസിയുടെയും എംബാപ്പെയുടെയും വാശിയേറിയ പോരാട്ടത്തിനാണ് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം സാക്ഷിയായത്. അര്‍ജന്‍റീനയുടെ ഗോള്‍വല കാത്ത മിശിഹയുടെ മാലാഖ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കി. ഫൈനലിലെ മാസ്‌മരിക പ്രകടനത്തിനാണ് മാര്‍ട്ടിനെസിന് ഗോള്‍ഡന്‍ ഗ്ലൗ ലഭിച്ചത്.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നയിക്കപ്പെട്ട പോരാട്ടത്തില്‍ കിങ്സ്‌ലി കോമാന്‍റെ കിക്ക് മാര്‍ട്ടിനെസ് തടഞ്ഞത് നിര്‍ണായകമായിരുന്നു. അര്‍ജന്‍റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് ആണ് ഖത്തര്‍ ലോകകപ്പിലെ മികച്ച യുവതാരം.