ബെയ്‌ജിങ് : 2026 ലെ ഫിഫ ലോകകപ്പിനുണ്ടാവില്ലെന്ന സൂചന നല്‍കി കാല്‍പന്തിന്‍റെ മിശിഹ ലയണല്‍ മെസ്സി. ചൈനീസ് മാധ്യമമായ ടൈറ്റന്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലോകകിരീടം ചൂടിയ അര്‍ജന്‍റീനിയന്‍ നായകന്‍റെ പ്രതികരണം. ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന പ്രതികരണത്തിനൊപ്പം സാധ്യതകളുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നും മെസ്സി അറിയിച്ചു.
ഇത് (2022 ലെ ഖത്തര്‍ ലോകകപ്പ്) എന്‍റെ അവസാന ലോകകപ്പായിരുന്നുവെന്ന് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിരുന്നു. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന് ഞാന്‍ നോക്കുന്നുണ്ട്. പക്ഷേ അടുത്ത ലോകകപ്പിന് എത്തുമെന്ന് ഞാൻ കരുതുന്നില്ല എന്ന് കുവൈഷൗ ആപ്പില്‍ പ്രസിദ്ധീകരിച്ച വീഡിയോയ്‌ക്കിടെ മെസ്സി സ്‌പാനിഷില്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ കാല്‍പന്തിന്‍റെ മാന്ത്രികനില്ലാത്ത ലോകകപ്പിനാകും 2026 ല്‍ വടക്കേ അമേരിക്ക സാക്ഷിയാവുക എന്ന കാര്യവും ഏറെക്കുറെ ഉറപ്പായി. മാത്രമല്ല, മെസ്സിയുടെ അറിയിപ്പ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ സങ്കടപ്പെടുത്തുമെന്നതിലുപരി, നാല് ലോകകപ്പുകളില്‍ തങ്ങള്‍ തലപ്പൊക്കമായി ആനയിച്ച ലോകോത്തര സ്‌ട്രൈക്കറുടെ അഭാവം അര്‍ജന്‍റീനയെയും കുറച്ചൊന്നുമാവില്ല തളര്‍ത്തുക.
ഹൃദയം തകര്‍ക്കുന്ന പ്രതികരണങ്ങള്‍ മുമ്പും : ലോക കിരീടം മുത്തമിട്ടതിന് പിന്നാലെ ഈ വര്‍ഷം ആദ്യം അർജന്‍റീനിയൻ പത്രമായ ഒലെയോടും ലയണല്‍ മെസി ഇനിയൊരു ലോകകപ്പിനില്ലെന്ന സൂചന നല്‍കിയിരുന്നു. ഇനിയൊരു ലോകകപ്പിൽ പങ്കെടുക്കുന്നത് "വളരെ ബുദ്ധിമുട്ടാണ്" എന്ന് വ്യക്തമാക്കിയായിരുന്നു മെസ്സിയുടെ പ്രതികരണം. എന്നാല്‍ ലോക കിരീടം ചൂടിയതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അര്‍ജന്‍റീനിയന്‍ ജേഴ്‌സിയില്‍ ഇനിയും ഒത്തിരി കാലം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന മെസ്സിയുടെ വാക്കുകളിലായിരുന്നു കാല്‍പന്ത് ആരാധകര്‍ വിശ്വാസമര്‍പ്പിച്ചിരുന്നത്. എന്നിരുന്നാലും മെസ്സി പലപ്പോഴായി പറഞ്ഞ ഈ വിടവാങ്ങല്‍ സൂചനകള്‍ അതുപോലെ സംഭവിച്ചാല്‍ ലോക ഫുട്‌ബോളില്‍ ഒരു യുഗത്തിനാവും അന്ത്യമാവുക.
അതേസമയം അര്‍ജന്‍റീന വ്യാഴാഴ്‌ച ഓസ്‌ട്രിയയ്‌ക്കെതിരെ സൗഹൃദ മത്സരത്തിനൊരുങ്ങവെയാണ് ഏഴുതവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയുടെ ഈ മനസുതുറക്കല്‍ എന്നതും ശ്രദ്ധേയമാണ്. ദോഹയില്‍ വച്ച് നടന്ന ലോകകപ്പില്‍ ഇരുടീമുകളും തമ്മില്‍ നടന്ന ഏറെ വീറുംവാശിയും നിറഞ്ഞ പോരാട്ടത്തിന്‍റെ പുനരാവിഷ്‌കാരം തന്നെയാവും ഇതെന്ന പ്രതീക്ഷയില്‍ ആരാധകരും ഏറെ കാത്തിരിപ്പിലാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ടിക്കറ്റ് നിരക്കിലും മത്സരം കാണുന്നതിനായി ചൈനീസ് ഫുട്‌ബോള്‍ ആരാധകരുടെ തള്ളിക്കയറ്റമാണെന്ന് റിപ്പോര്‍ട്ടുകള്‍.
പിഎസ്‌ജി വിട്ട് മെസ്സി: കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് മെസി പാരീസ് സെന്‍റ് ജെർമെയ്നില്‍ (പിഎസ്‌ജി) നിന്നും മേജർ ലീഗ് സോക്കർ (എംഎല്‍എസ്) ക്ലബ്ബായ ഇന്‍റർ മിയാമിയിൽ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പിഎസ്‌ജിയുമായി കരാര്‍ പുതുക്കാതായതോടെയാണ് ഇതിഹാസ താരം പുതിയ തട്ടകത്തിലെത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചത്. 2021-ല്‍ പിഎസ്‌ജിയില്‍ എത്തിയ മെസിക്ക് ജൂണ്‍ വരെയാണ് ക്ലബ്ബുകളുമായി കരാറുണ്ടായിരുന്നത്, 2022-ലെ ഖത്തര്‍ ലോകകപ്പ് മുതല്‍ 35-കാരനുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്‌ജി ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് വിജയിച്ചിരുന്നില്ല. ഇതിനിടെ തന്‍റെ മുന്‍ ക്ലബ് എഫ്‌സി ബാഴ്‌സലോണയിലേക്ക് താരം മടങ്ങിയെത്തുമെന്ന റൂമറുകളും പ്രചരിച്ചിരുന്നു.