മാഡ്രിഡ്: അർജന്‍റൈന്‍ സൂപ്പർ താരം ലയണൽ മെസിക്ക് ഇന്ന് 35-ാം പിറന്നാൾ. ക്ലബ് ഫുട്‌ബോളിന്‍റെ പോയ സീസണില്‍ തിളങ്ങാനായില്ലെങ്കിലും അര്‍ജന്‍റീനയുടെ നീലക്കുപ്പായത്തില്‍, കൈവിട്ട കിരീടങ്ങൾ ഓരോന്നായി തിരിച്ച് പിടിക്കുകയാണ് ഫുട്‌ബോളിന്‍റെ മിശിഹ. കോപ അമേരിക്കയുടെ കലാശപ്പോരില്‍ ബ്രസീലിനെ വീഴ്‌ത്തിയുള്ള ആഘോഷത്തിന്‍റെ അലയൊലികള്‍ ഫൈനലിസിമ കിരീടത്തില്‍ എത്തിനില്‍ക്കുകയാണ്.
യൂറോപ്യന്‍ ഫുട്‌ബോളിന്‍റെ വമ്പുമായെത്തിയ ഇറ്റലിയെ വീഴ്‌ത്തിയായിരുന്നു മെസിയും സംഘവും ഫൈനലിസിമ കിരീടമുയര്‍ത്തിയത്. ഇനി ആവേശം ഖത്തറിലാണ്. 36 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ലോകകപ്പ് കിരീടത്തിനായി അര്‍ജന്‍റീനയും ആരാധകരും കാത്തിരിക്കുമ്പോള്‍, പ്രതീക്ഷകളുടെ അമിത ഭാരം മെസിയുടെ ചുമലില്‍ ആണെന്നത് തീര്‍ച്ച.
മുപ്പത്തഞ്ചിന്‍റെ ചെറുപ്പത്തില്‍ കളിക്കളത്തില്‍ മെസിയെന്ന ഇതിഹാസത്തിന് മാന്ത്രികത തീര്‍ക്കാനായാല്‍ എട്ട് വര്‍ഷം മുമ്പ് ചുണ്ടകലത്തില്‍ നഷ്‌ടമായ കിരീടം അര്‍ജന്‍റീനയ്‌ക്ക് ഇത്തവണ ഉയര്‍ത്താം. ഖത്തറില്‍ നീല വസന്തം പടര്‍ത്താം.
സ്‌പെയിനിലെ ഇബിസ ഐലൻഡിലാണ് ഭാര്യയ്‌ക്കും കുടുംബത്തിനുമൊപ്പം ഇത്തവണ മെസി പിറന്നാള്‍ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന് ആശംസകള്‍ നേര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഇനി ലോകകപ്പ് കിരീടത്തില്‍ മെസിയുടെ മുത്തത്തിനായാണ് അവരുടെ കാത്തിരിപ്പ്.