ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ (Argentina Football Team) 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടായിരുന്നു ലയണല്‍ മെസിയും (Lionel Messi) സംഘവും 2022-ല്‍ ഖത്തറില്‍ നിന്നും തിരികെ പറന്നത്. ഗോള്‍ അടിച്ചും അടിപ്പിച്ചും മുന്നില്‍ നിന്ന് തന്നെയായിരുന്നു ലയണല്‍ മെസി അര്‍ജന്‍റീനയെ കിരീടത്തിലേക്ക് എത്തിച്ചത്. വിജയത്തിന് ശേഷം ഇതു തന്‍റെ അവസാന ലോകകപ്പ് ആവുമെന്ന് 36-വയസുകാരനായ മെസി സൂചന നല്‍കിയത് ആരാധകരെ കടുത്ത നിരാശയിലാഴ്‌ത്തിയിരുന്നു.
എന്നാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്ത് വരിന്നിരിക്കുന്നത്. 2026-ല്‍ നടക്കുന്ന അടുത്ത ഫിഫ ലോകകപ്പിലും കളിക്കാനുള്ള തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം. പ്രായം തളര്‍ത്തിയില്ലെങ്കില്‍ അടുത്ത ലോകകപ്പിന് ഉണ്ടായേക്കുമെന്ന് സൂചന നല്‍കിയ മെസി, ഇപ്പോള്‍ കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്നതിനാണ് മുന്‍ഗണനയെന്നുമാണ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് (Lionel Messi on FIFA World Cup 2026 participation).
"ലോകകപ്പിനെക്കുറിച്ച് ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല, പക്ഷെ, അടുത്ത ലോകകപ്പ് കളിക്കില്ലെന്ന് 100 ശതമാനവും ഞാന്‍ പറയുന്നില്ല. കാരണം എന്തും സംഭവിക്കാം. ടീമിനായി മികച്ച രീതിയില്‍ കളിക്കാനാവുന്നിടത്തോളം ഞാനതു തുടരും. ഇന്നിപ്പോള്‍ എന്‍റെ ചിന്ത പൂര്‍ണമായും കോപ്പ അമേരിക്ക നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ്. അതിന് ശേഷം ഞാന്‍ ടീമിനായി കളിക്കുമോ ഇല്ലയോ എന്നത് കാലം പറയും. 2026-ലാണ് അടുത്ത ലോകകപ്പ് നടക്കുന്നത്.
സാധാരണയായി ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്‍റില്‍ കളിക്കാനാവാത്ത ഒരു പ്രായത്തിലേക്കാണ് ഞാന്‍ അപ്പോള്‍ എത്താന്‍ പോകുന്നത്. ആ ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നായിരുന്നു ഞാന്‍ നേരത്തെ പറഞ്ഞത്. 2022-ലെ ലോകകപ്പിന് ശേഷം ഞാൻ വിരമിക്കുമെന്ന് തോന്നിയിരുന്നു.
പക്ഷെ, ഇപ്പോള്‍ ഞാൻ എന്നത്തേക്കാളും കൂടുതൽ ഈ ടീമിനൊപ്പമുണ്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളിപ്പോള്‍ ഒരു പ്രത്യേക നിമിഷത്തെ ആസ്വദിക്കുകയാണ്. മുന്നിലുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളെക്കുറിച്ച് ആലോചിക്കാതെ അതു പൂര്‍ണമായി തന്നെ ആസ്വദിക്കുന്നത് തുടരാനാണ് ഞാന്‍ ഇഷ്‌ടപ്പെടുന്നത്.
കോപ്പ അമേരിക്കയില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ കളിക്കുകയും അതു വഴി എനിക്ക് ടീമിനൊപ്പം തുടരാനും സാധിച്ചേക്കും. ചിലപ്പോള്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും വന്നേക്കാം." ലയണല്‍ മെസി വ്യക്തമാക്കി. യുഎസ്‌എ, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളാണ് 2026-ലെ ഫിഫ ലോകകപ്പ് നടക്കുക. ടൂര്‍ണമെന്‍റ് അരങ്ങേറുമ്പോള്‍ 39 വയിലേക്കാവും മെസി എത്തുക.
അതേസമയം അര്‍ജന്‍റൈന്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുന്നതായി ഖത്തര്‍ ലോകകപ്പില്‍ ടീമിനെ പരിശീലിപ്പിച്ച ലയണല്‍ സ്‌കലോണി അടുത്തിടെ സൂചന നല്‍കിയിരുന്നു. ഭാവിയില്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാറൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സ്‌കോണി ഇതേക്കുറിച്ച് സംസാരിച്ചത്.