ബ്യൂണസ് ഐറിസ് : ഖത്തര്‍ ലോകകപ്പിലെ കിരീട (Qatar World Cup 2023) നേട്ടത്തോടെ ഇതിഹാസമെന്ന പൂര്‍ണതയിലേക്ക് ഉയര്‍ന്ന താരമാണ് ലയണല്‍ മെസി (Lionel Messi). ഫിഫ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പായിരുന്നു മെസിയും സംഘവും ഖത്തറില്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം രാജ്യത്തിന്‍റെ സൂപ്പര്‍ ഹീറോയാണ് മെസി.
ഖത്തറില്‍ ചാമ്പ്യന്മാരാവും മുമ്പ് കോപ്പ അമേരിക്ക കിരീടത്തിലേക്കും ഫൈനലിസിമ കിരീടത്തിലേക്കും ആല്‍ബിസെലസ്റ്റകളെ താരം നയിച്ചിരുന്നു. രാജ്യത്തിന് അഭിമാനകരമായ ഈ നേട്ടങ്ങള്‍ക്ക് 36-കാരന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആദരവര്‍പ്പിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അര്‍ജന്‍റൈന്‍ ദേശീയ ടീമില്‍ നിന്നും മെസിയുടെ വിരമിക്കലിന് ശേഷം താരം അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സി ഇനി മറ്റൊരാള്‍ക്കും നല്‍കില്ലെന്ന് അസോസിയേഷന്‍ (Argentine Football Association) അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട് (Argentina to Retire Number 10 Jersey).
ഇതുസംബന്ധിച്ച് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ചിക്വി ടാപിയയുടെ വാക്കുകള്‍ ഇങ്ങനെ."ദേശീയ ടീമിൽ നിന്നും മെസി വിരമിക്കുമ്പോൾ, അദ്ദേഹത്തിന് ശേഷം മറ്റാരെയും 10-ാം നമ്പർ ജഴ്‌സി ധരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അദ്ദേഹത്തിന്‍റെ ബഹുമാനാർഥം 10-ാം നമ്പര്‍ എന്നന്നേക്കുമായി പിന്‍വലിക്കും.
അദ്ദേഹത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്"- ക്ലോഡിയോ ടാപിയ പറഞ്ഞു. സ്പാനിഷ് ദിനപ്പത്രമായ മാർക്കയോടാണ് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്. അര്‍ജന്‍റീനയ്‌ക്കായി ഇതേവരെ കളിച്ച 180 മത്സരങ്ങളില്‍ നിന്നും 106 ഗോളുകളാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്.
ALSO READ: ആഘോഷം ഇവിടെ വേണ്ട, 2023ലെ അവസാന രാത്രിയില്‍ ആഴ്‌സണലിനെ കരയിപ്പിച്ച് ഫുള്‍ഹാം
ഇതിഹാസ താരം ഡീഗോ മറഡോണയുടെ ആദരസൂചകമായി നേരത്തെ 2002-ല്‍ 10-ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ അർജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫിഫയുടെ കർശനമായ നിയമങ്ങൾ തടസമായി. ഒന്ന് മുതല്‍ 23 വരെയുള്ള നമ്പറുകളുള്ള ജഴ്‌സി ടീമുകള്‍ ഉപയോഗിക്കണമെന്നാണ് ഫിഫ നിയമം പറയുന്നത്.
ALSO READ: 'ഗോള്‍ മെഷീന്‍...'; കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
അതേസമയം ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായി എത്തിയ ഫ്രാന്‍സിനെയായിരുന്നു അര്‍ജന്‍റീന തോല്‍പ്പിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ടീമിന്‍റെ വിജയം. നിശ്ചിത സമയത്ത് 2-2നും അധിക സമയത്ത് 3-3നും ഇരു ടീമുകളും സമനില പാലിച്ചു. ഇതോടെയാണ് കളി പെനാല്‍റ്റിയിലേക്ക് എത്തിയത്. ടൂര്‍ണമെന്‍റിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസിയാണ്.