പാരിസ്: ഖത്തർ ലോകകപ്പിലെ കിരീട നേട്ടത്തോടെ ലോക ഫുട്‌ബോൾ ചരിത്രത്തിൽ മറ്റാർക്കും എത്തിപ്പെടാൻ കഴിയാത്ത നേട്ടത്തിലേക്കാണ് ലയണൽ മെസി എത്തിച്ചേർന്നത്. കിരീടമില്ലാത്ത രാജാവെന്ന പട്ടം ഇത്തവണത്തെ ലോകകപ്പ് നേട്ടത്തോടെ തിരുത്തിക്കുറിച്ച മെസി ഇതിഹാസം എന്ന പദവിയിലേക്കാണ് ഉയർന്നത്. തന്‍റെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മെസി ടൂർണമെന്‍റിൽ പന്തുതട്ടാനെത്തിയത്.
എന്നാൽ ഇപ്പോൾ തന്നെ കരിയർ അവസാന ഘട്ടത്തിലേക്കെത്തുന്നു എന്ന സൂചനകൾ നൽകിയിരിക്കുകയാണ് താരം. 'കരിയറിൽ നേടേണ്ടതെല്ലാം ലഭിച്ചുകഴിഞ്ഞു' എന്നാണ് മെസി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്‌തമാക്കിയത്. 'കരിയറിൽ നേടേണ്ടതെല്ലാം എനിക്ക് വ്യക്തിപരമായി ലഭിച്ചുകഴിഞ്ഞു. ഈയൊരു സമയത്ത് അതുല്യമായൊരു രീതിയിൽ എന്‍റെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.
ഫുട്‌ബോൾ ജീവിതം ആരംഭിച്ചപ്പോൾ ഇതെല്ലാം എനിക്ക് നേടാനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ ഒരു നിമിഷത്തിലെത്തുക എന്നത് ഏറ്റവും മനോഹരമാണ്. ഞങ്ങൾ കോപ്പ അമേരിക്കയും ലോകകപ്പും നേടി. ഇനി ഒന്നും നേടാൻ ബാക്കിയില്ല', എഴ് തവണ ബാലണ്‍ ഡി ഓർ ജേതാവ് കൂടിയായ മെസി വ്യക്‌തമാക്കി.
അതേസമയം നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നേടിയെടുത്ത ലോകകപ്പ് അർജന്‍റീനിയൻ ഇതിഹാസം ഡീഗോ മറഡോണയാണ് തങ്ങൾക്ക് നൽകിയിരുന്നതെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും മെസി വ്യക്‌തമാക്കി. 'ഡീഗോ മറഡോണ എന്നെ ലോകകപ്പ് ഏൽപ്പിക്കുമായിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇതെല്ലാം കാണുകയെങ്കിലും ചെയ്‌തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
അർജന്‍റീനയെ ലോക ചാമ്പ്യൻമാരായി കാണണമെന്ന് അദ്ദേഹം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും, ദേശീയ ടീമിനെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നും ഞങ്ങൾക്ക് അറിയാം. ലോകകപ്പ് നേട്ടം കാണാൻ അദ്ദേഹമുണ്ടായിരുന്നെങ്കിൽ ലോകത്തെ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ ഞങ്ങളുടെ കിരീടനേട്ടത്തിനൊപ്പം ഞങ്ങളുടെ പ്രകടനത്തിലും അദ്ദേഹം ഏറെ സന്തോഷിച്ചേനെ', മെസി കൂട്ടിച്ചേർത്തു.