ബെംഗളൂരു: ബൈജൂസിന്‍റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ലയണല്‍മെസി. ഇന്ത്യന്‍ എഡ്യൂകേഷൻ ടെക് കമ്പനിയുമായി മെസി കരാറില്‍ ഒപ്പുവച്ചു. ബൈജൂസിന്‍റെ 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന പദ്ധതിയുമായാണ് ഫുട്‌ബോള്‍ സൂപ്പര്‍ താരം പ്രവര്‍ത്തിക്കുക. ബൈജൂസിന്‍റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
പഠനത്തോട് എല്ലാവരെയും അടുപ്പിക്കുക എന്ന അവരുടെ ദൗത്യം എന്‍റെ മൂല്യങ്ങളുമായി യോജിക്കുന്നതിനാലാണ് ബൈജൂസുമായി കരാറിലേര്‍പ്പെട്ടതെന്ന് മെസി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ബൈജൂസിന് സാധിച്ചു. പുതിയ ചുമതല വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉയരത്തിലെത്താന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നെതെന്നും ഫുട്‌ബോള്‍ സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ ആഗോള അംബാസഡറായി ലയണൽ മെസ്സിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ആവേശവുമുണ്ടെന്ന് ബൈജൂസിന്‍റെ സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ് പറഞ്ഞു. ബൈജൂസിന്‍റെ ബ്രാൻഡ് മൂല്യങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന മികവ്, മാനസികാവസ്ഥ, വിനയം, വിശ്വാസ്യത എന്നിവയെ പിന്തുടരുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. താഴേത്തട്ടിൽ നിന്ന് ഉയർന്ന് എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളായി അദ്ദേഹം മാറിയെന്നും ദിവ്യ ഗോകുൽനാഥ് അഭിപ്രായപ്പെട്ടു.
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെയും, ക്രിക്കറ്റ് ലോകകപ്പിന്‍റെയും സ്‌പോണ്‍സര്‍മാരും ബൈജൂസ് ആണ്. ഖത്തറില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍ഷിപ്പും ബൈജൂസ് നേരത്തെ സ്വന്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഫുട്‌ബോള്‍ സൂപ്പര്‍ താരവുമായി ബൈജൂസ് കരാറിലേര്‍പ്പെട്ടതെന്നതും ശ്രദ്ദേയമാണ്.