ഫ്ലോറിഡ: ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ഇന്‍റർ മയാമിയെ കിരീടത്തിലേക്ക് നയിക്കാന്‍ അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക് കഴിഞ്ഞിരുന്നു. അരങ്ങേറി വെറും ആഴ്‌ചകള്‍ക്ക് ഉള്ളിലാണ് അമേരിക്കന്‍ ക്ലബിന് ചരിത്രത്തില്‍ ആദ്യ ലീഗ്‌സ് കപ്പ് കിരീടം ലയണല്‍ മെസി നേടിക്കൊടുത്തത്. ലീഗ്‌സ് കപ്പിന്‍റെ ഫൈനല്‍ അടക്കമുള്ള ഏഴ് മത്സരങ്ങളില്‍ നിന്നും പത്ത് ഗോളുകളായിരുന്നു താരം അടിച്ച് കൂട്ടിയത്.
മേജര്‍ ലീഗ് സോക്കറില്‍ മോശം പ്രകടനം നടത്തുകയായിരുന്ന മയാമിക്ക് ലോകകപ്പ് ജേതാവിന്‍റെ ഈ മികവാണ് പുത്തന്‍ ഊര്‍ജ്ജം പകര്‍ന്നത്. ലീഗ്‌സ് കപ്പിലെ ടോപ് സ്‌കോററര്‍ ആയതിന് പുറമെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും 36-കാരന്‍ നേടിയിരുന്നു. ഇപ്പോഴിതാ ടീമിന്‍റെ വിജയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ലയണല്‍ മെസി.
ഇതൊരു തുടക്കം മാത്രമാണെന്നാണ് മെസി പറയുന്നത്. എല്ലാവരുടെയും കഠിനാധ്വാനവും പ്രതിബദ്ധതയുമാണ് ലീഗ്‌സ് കപ്പിലെ കിരീട നേട്ടം സാധ്യമാക്കിയതെന്നും സൂപ്പര്‍ താരം പറഞ്ഞു. "ഈ ക്ലബ്ബിന്‍റെ ചരിത്രത്തിലെ ആദ്യ കിരീടം നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
എല്ലാവരുടെയും കഠിനാധ്വാനവും പ്രതിബദ്ധതയുമാണ് ഇത് സാധ്യമാക്കിയത്. ഇതൊരു തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍റര്‍ മയാമി... നമുക്ക് ഒന്നിച്ച് മുന്നേറാം"- മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലീഗ് കപ്പ് ഫൈനല്‍ മത്സരത്തിലെ ചില ചിത്രങ്ങളും മെസി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
ലീഗ്‌സ് കപ്പിന്‍റെ ഫൈനലില്‍ നാഷ്‌വില്ലയെ (Nashville) പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചായിരുന്നു ഇന്‍റര്‍ മയാമി കിരീടം ഉയര്‍ത്തിയത് (Inter Miami vs Nashville). സഡന്‍ ഡത്തില്‍ 10-9 എന്ന സ്‌കോറിനായിരുന്നു നാഷ്‌വില്ലയെ ഇന്‍റര്‍ മായാമി മറികടന്നത്. മത്സരത്തിന്‍റെ നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന സ്‌കോറിന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്.
23-ാം മിനിട്ടില്‍ ലയണല്‍ മെസി മയാമിക്കായി ഗോളടിച്ചു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും സംഘത്തിന് കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നാഷ്‌വില്ല സമനില പിടിച്ചു. 57-ാം മിനിട്ടില്‍ ഫാഫ പിക്കോൾട്ടിയാണ് ടീമിനായി ലക്ഷ്യം കണ്ടത്. ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് കിക്കുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 4-4 എന്ന സ്‌കോറിന് ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെയാണ് ഷൂട്ടൗട്ട് സഡന്‍ ഡെത്തിലേക്ക് എത്തിയത്.
അതേസമയം ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് ലയണല്‍ മെസി ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറിയത്. മെസിയെത്തും മുമ്പ് മേജര്‍ ലീഗ് സോക്കറ്റില്‍ അവസാനം കളിച്ച 11 മത്സരങ്ങളില്‍ വിജയം നേടാന്‍ മയാമിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ലീഗ്‌സ് കപ്പിലെ ആദ്യ മത്സരത്തിലൂടെ മെസി അരങ്ങേറിയ ശേഷം തോല്‍വി അറിയാതെയാണ് ടീം കുതിക്കുന്നത്.