മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (എഐഎഫ്‌എഫ്) 2022-23 വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍മാരായി ലാലിയൻസുവാല ചാങ്‌തെയും മനീഷ കല്യാണും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗില്‍ (ഐഎസ്‌എൽ) മുംബൈ സിറ്റിക്കായും ദേശീയ ടീമിനായുമുള്ള മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിലാണ് ലാലിയൻസുവാല ചാങ്‌തെയെ എഐഎഫ്‌എഫിന്‍റെ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
2022-23 സീസണിൽ ഇന്ത്യക്കായി 13 മത്സരങ്ങളിൽ കളിച്ച 26-കാരനായ മിസോറം താരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. ദേശീയ ടീമംഗങ്ങളായ നന്ദകുമാർ ശേഖര്, നവോരേം മഹേഷ് സിങ് എന്നിവരെ പിന്തള്ളിയാണ് താരത്തിന്‍റെ പുരസ്‌കാര നേട്ടം. കഴിഞ്ഞ ഐഎസ്എല്‍ സീസണിൽ മുംബൈ സിറ്റി എഫ്‌സിയെ ഷീൽഡ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരത്തിനുള്ളത്.
22 മത്സരങ്ങളിൽ ടീമിനായി ബൂട്ട് കെട്ടിയ ചാങ്‌തെ 10 ഗോളുകളടിക്കുകയും ആറ് അസിസ്റ്റുകൾ പേരിലാക്കുകയും ചെയ്‌തിരുന്നു. ഡ്യൂറന്‍റ് കപ്പിന്‍റെ കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ താരം, സൂപ്പർ കപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും കണ്ടെത്തിയിരുന്നു. സാഫ് കപ്പില്‍ ഇന്ത്യയുടെ വിജയത്തിലും ഏറെ നിര്‍ണായകമായ പങ്കാണ് ചാങ്‌തെയ്‌ക്കുള്ളത്. കുവൈത്തിനെതിരായ ഫൈനലില്‍ ഇന്ത്യ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ ടീമിന്‍റെ സമനില ഗോള്‍ പിറന്നത് ചാങ്‌തെയുടെ ബൂട്ടില്‍ നിന്നാണ്. തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 4-5 എന്ന സ്‌കോറിനാണ് ഇന്ത്യ കൂവൈത്തിനെ തോല്‍പ്പിച്ചത്.
തുടര്‍ച്ചയായ രണ്ടാം തവണയാണ് മനീഷ കല്യാണ്‍ എഐഎഫ്‌എഫിന്‍റെ മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ സൈപ്രസിലെ ചാമ്പ്യന്‍ ക്ലബ്ബായ അപ്പോളോണ്‍ ലേഡീസിന് വേണ്ടിയാണ് 21 -കാരിയായ പഞ്ചാബ് ഫോർവേഡ് ബൂട്ടുകെട്ടുന്നത്. ഡാലിമ ചിബ്ബർ, നഗാങ്ബാം സ്വീറ്റി ദേവി എന്നിവരെ പിന്തള്ളിയാണ് താരത്തിന്‍റെ പുരസ്‌കാര നേട്ടം. 2020-21 സീസണിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാര ജേതാവാണ് കൂടിയാണ് താരം. ഗോകുലം കേരളയുടെ മുന്‍ താരം കൂടിയാണ് മനീഷ.
മലയാളികള്‍ക്കും അഭിനമാനം: മലയാളിയായ ഇന്ത്യൻ അണ്ടർ 17 ടീം അംഗം ഷിൽജി ഷാജിയാണ് എഐഎഫ്‌എഫ് എമർജിങ് വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് കക്കയം സ്വദേശിയാണ് ഷിൽജി ഷാജി. ദേശീയ ടീമിനും ഗോകുലം കേരളയ്‌ക്കുമായുള്ള പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. മുംബൈ സിറ്റി എഫ്‌സി ആകാശ് മിശ്രയാണ് പുരുഷ വിഭാഗത്തില്‍ പ്രസ്‌തുത അവാര്‍ഡ് നേടിയത്.
മികച്ച വനിത പരിശീലകയായി മലയാളിയായ പ്രിയ പിവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ മുന്‍ താരമായിരുന്ന പ്രിയ പിവി നിവില്‍ ഇന്ത്യൻ വനിത അണ്ടർ 17 ടീമിന്‍റെ മുഖ്യ പരിശീലകയാണ്. ഗോകുലം കേരളയുടെ വനിത ടീമിനെ ഇന്ത്യൻ വനിത ഫുട്ബോൾ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഒഡീഷ എഫ്‌സിയെ സൂപ്പർ കപ്പ് വിജയത്തിലേക്കും എഎഫ്‌സി കപ്പ് യോഗ്യതയിലേക്കും നയിച്ച ഇന്ത്യയുടെ മുന്‍ താരംക്ലിഫോർഡ് മിറാൻഡയാണ് മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്.
2022-23 സീസണിലെ മികച്ച കളിക്കാരെയും പരിശീലകരെയും മുൻ ക്യാപ്റ്റൻമാരായ ഷബ്ബീർ അലി, ഐഎം വിജയൻ, ബൈചുങ് ബൂട്ടിയ എന്നിവരുൾപ്പെട്ട സമിതിയാണ് തെരഞ്ഞെടുത്തത്.