ബാഴ്‌ലോണ: സ്‌പാനിഷ് ലാ ലിഗയില്‍ റയൽ മാഡ്രിഡ് മല്ലോർകയോട് അപ്രതീക്ഷത തോല്‍വി വഴങ്ങിയതിന് പിന്നാലെ സെവിയ്യയെ കീഴടക്കിയ ബാഴ്‌സലോണ പോയിന്‍റ് പട്ടികയില്‍ ലീഡുയര്‍ത്തി. ഏക പക്ഷീയമായ ഒരു ഗോളിനാണ് റയല്‍ മല്ലോർകയോട് തോല്‍വി വഴങ്ങിയത്. 13ാം മിനിട്ടിൽ നാചോ ഫെർണാണ്ടസിന്‍റെ സെൽഫ് ഗോളാണ് റയലിന്‍റെ വിധിയെഴുതിയത്.
74 ശതമാനവും പന്ത് കൈവശം വച്ചുവെങ്കിലും റയലിന് ഗോളടിക്കാന്‍ കളിഞ്ഞില്ല. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഒപ്പമെത്താന്‍ ലഭിച്ച അവസരവും സംഘം കളഞ്ഞ് കുളിച്ചു. മാർക്കോ അസൻസിയോയുടെ കിക്ക് മല്ലോർക ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു.
മറുവശത്ത് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ സെവിയ്യയെ മുക്കിയത്. ജോഡി ആല്‍ബ, ഗാവി, റഫീഞ്ഞ എന്നിവരാണ് വിജയികള്‍ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. കളിയുടെ എട്ടാം മിനിട്ടില്‍ തന്നെ സെർജിയോ ബുസ്ക്വെറ്റ്സ് പരിക്കേറ്റ് പുറത്തായത് ബാഴ്‌സയ്‌ക്ക് തിരിച്ചടിയായിരുന്നു.
പകരമെത്തിയ കെസ്സിയ്‌ക്ക് തുടക്കത്തില്‍ താളം കണ്ടെത്താനായിരുന്നില്ലെങ്കിലും പിന്നീട് താരം മികവിലേക്ക് ഉയര്‍ന്നു. മത്സരത്തിന്‍റെ 58ാം മിനിട്ടില്‍ ആല്‍ബയാണ് ബാഴ്‌സയ്‌ക്കായി ആദ്യം ലക്ഷ്യം കണ്ടത്. കെസ്സി ബോക്‌സില്‍ നിന്നും നല്‍കിയ മികച്ചൊരു പന്ത് ആല്‍ബ പോസ്റ്റിലേക്ക് തിരിച്ച് വിടുകയായിരുന്നു.
70ാം മിനിട്ടില്‍ ഗാവി ലീഡുയര്‍ത്തി. റഫീഞ്ഞയാണ് ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് 79ാം മിനിട്ടില്‍ സംഘം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇക്കുറി റഫീഞ്ഞയ്‌ക്ക് വഴിയൊരുക്കിയത് ആല്‍ബയാണ്.
വിജയത്തോടെ കിരീടത്തോട് ഏറെ അടുക്കാന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. 20 മത്സരങ്ങളില്‍ നിന്നും 53 പോയിന്‍റുമായാണ് ബാഴ്‌സ മുന്നേറ്റം നടത്തുന്നത്. രണ്ടാം സ്ഥാനക്കാരായ റയലിനേക്കാള്‍ നിലവില്‍ എട്ട് പോയിന്‍റ് ലീഡായി. സീസണില്‍ ആദ്യമായാണ് ഒരു ടീം ഇത്രയും ലീഡ് നേടുന്നത്. 20 മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റാണ് റയലിനുള്ളത്.
ALSO READ: WATCH : പാലസ് താരത്തിന്‍റെ കഴുത്തിന് പിടിച്ച് കാസെമിറോ ; ചുവപ്പെടുത്ത് റഫറി - വീഡിയോ