മാഡ്രിഡ് : സ്‌പാനിഷ് ലാ ലിഗയില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും വിജയം. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെയും ബാഴ്‌സലോണ സെവിയ്യയെയുമാണ് തോല്‍പ്പിച്ചത്. സെവിയ്യയ്‌ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ച് കയറിയത്.
ബാഴ്‌സയ്‌ക്കായി റാഫീന്യ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, എറിക് ഗാര്‍ഷ്യ എന്നിവര്‍ വലകുലുക്കി. മത്സരത്തിന്‍റെ 21ാം മിനിട്ടില്‍ റാഫീന്യയിലൂടെ ബാഴ്‌സ മുന്നിലെത്തി. 36ാം മിനിട്ടില്‍ ലെവന്‍ഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതിയില്‍ ബാഴ്‌സ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ 50ാം മിനിട്ടിലാണ് എറിക് ഗാര്‍ഷ്യ കറ്റാലന്മാരുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞു. നാല് മത്സരങ്ങളില്‍ ഒരു സമനിലയും മൂന്ന് വിജയവുമാണ് ബാഴ്‌സയ്‌ക്കുള്ളത്.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചത്. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. സെര്‍ജിയോ കനാലസാണ് ബെറ്റിസിനായി ലക്ഷ്യം കണ്ടത്.
also read: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : സിറ്റിക്കും ലിവര്‍പൂളിനും സമനിലക്കുരുക്ക്
മത്സരത്തിന്‍റെ ഒമ്പതാം മിനിട്ടില്‍ വിനീഷ്യസിലൂടെ റയല്‍ മുന്നിലെത്തി. എന്നാല്‍ 17ാം മിനിട്ടില്‍ ബെറ്റിസ് കനാലസിലൂടെ ഒപ്പം പിടിച്ചു. ഇതോടെ ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ 65ാം മിനിട്ടിലാണ് റോഡ്രിഗോ റയലിന്‍റെ വിജയ ഗോള്‍ നേടിയത്.
വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റയല്‍. നാല് മത്സരങ്ങളില്‍ നാലും ജയിച്ച സംഘത്തിന് 12 പോയിന്‍റാണുള്ളത്.