ബാഴ്‌സലോണ: സ്‌പാനിഷ് ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. കാഡിസിനെതിരായ മത്സരത്തില്‍ വിജയം നേടിയ ബാഴ്‌സ പോയിന്‍റ് ടേബിളിന് തലപ്പത്തെ എട്ട് പോയിന്‍റ് ലീഡ് പുനസ്ഥാപിച്ചു. സ്വന്തം തട്ടകമായ നൗക്യാമ്പില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കറ്റാലന്മാര്‍ ജയം പിടിച്ചത്.
റോബർട്ട് ലെവൻഡോവ്‌സ്‌കിയും സെർജി റോബർട്ടോയുമാണ് സംഘത്തിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് ബാഴ്‌സയുടെ പട്ടികയിലെ രണ്ട് ഗോളുകളും പിറന്നത്. 43ാം മിനിട്ടില്‍ റോബർട്ടോയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്.
ഫെറാന്‍ ടോറസ് നടത്തിയ മുന്നേറ്റമാണ് ഈ ഗോളിന് വഴിയൊരുക്കിയത്. കാഡിസ് പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിനകത്ത് കയറിയ ടോറസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ലെവൻഡോവ്‌സ്‌കി തലകൊണ്ട് പോസ്റ്റിലേക്ക് കുത്തിയിടാന്‍ ശ്രമം നടത്തിയെങ്കിലും ഗോള്‍ വരയ്‌ക്ക് മുന്നില്‍ കാഡിസ് താരം കാര്‍സലെന്‍ തടഞ്ഞു. എന്നാല്‍ പന്ത് ലഭിച്ച റോബർട്ടോ അവസരം മുതലാക്കുകയായിരുന്നു.
തുടര്‍ന്ന് ആദ്യ പകുതിയുടെ അധിക സമയത്താണ് ലെവൻഡോവ്‌സ്‌കിയുടെ ഗോള്‍ വന്നത്. ബോക്‌സിന് തൊട്ടടുത്ത് നിന്ന് റോബർട്ടോ നല്‍കിയ പാസില്‍ അനായാസമാണ് താരം ലക്ഷ്യം കണ്ടത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിന് ശേഷം നൗക്യാമ്പില്‍ ലെവൻഡോവ്‌സ്‌കിയുടെ ആദ്യ ഗോളാണിത്.
മത്സരത്തിന്‍റെ 66 ശതമാവനും പന്ത് കൈവശം വച്ചുവെങ്കിലും ബാഴ്‌സയ്‌ക്ക് കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ലാ ലിഗയില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്. കാഡിസിനെതിരായ വിജയത്തോടെ ബാഴ്‌സയ്‌ക്ക് 22 മത്സരങ്ങളില്‍ നിന്നും 59 പോയിന്‍റയി. രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് ഇത്രയും മത്സരങ്ങില്‍ നിന്നും 51 പോയിന്‍റാണുള്ളത്. 22 മത്സരങ്ങളില്‍ നിന്നും 22 പോയിന്‍റുള്ള കാഡിസ് 17ാം സ്ഥാനത്താണ്.
അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം: ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക് ബിൽബാവോയെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്‌ലറ്റിക്കോ ബിൽബാവോയെ കീഴടക്കിയത്. 71ാം മിനിട്ടില്‍ അന്‍റോയിൻ ഗ്രീസ്‌മാനാണ് വിജയികള്‍ക്കായി ഗോളടിച്ചത്.
വിജയത്തോടെ നാലാം സ്ഥാനത്ത് തുടരുകയാണ് അത്‌ലറ്റിക്കോ. 22 മത്സരങ്ങളില്‍ നിന്നും 41 പോയിന്‍റാണ് സംഘത്തിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റുമായി ഏഴാമതാണ് ബിൽബാവോ.
ALSO READ: ഇഞ്ച്വറി ടൈമിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ ; അവസാന നിമിഷം അവിശ്വസനീയ വിജയം നേടി പിഎസ്‌ജി