പാരിസ്: അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ കുറിച്ച് മനസ് തുറന്ന് ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജെർമെയ്‌നില്‍ (പിഎസ്‌ജി) സഹതാരമായിരുന്ന കിലിയന്‍ എംബാപ്പെ. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ലയണല്‍ മെസി. ഫ്രാൻസിൽ പിഎസ്‌ജിക്ക് വേണ്ടി കളിക്കുമ്പോൾ അർഹമായ ബഹുമാനം താരത്തിന് ലഭിച്ചിട്ടില്ലെന്നുമാണ് എംബാപ്പെ പറയുന്നത്.
മെസിയെ പോലൊരു താരം ക്ലബ് വിടുന്നത് ഒരിക്കലും നല്ല വാര്‍ത്തയല്ലെന്നും എംബാപ്പെ പറഞ്ഞു. "അദ്ദേഹം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. മെസിയെപ്പോലൊരാൾ ക്ലബ് വിടുകയെന്നത് ഒരു നല്ല വാർത്തയല്ല.
അദ്ദേഹം ക്ലബ് വിട്ടതില്‍ ഇത്രയധികം ആളുകൾക്ക് ആശ്വാസം തോന്നിയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഫ്രാൻസിൽ അദ്ദേഹത്തിന് അർഹമായ ബഹുമാനം ലഭിച്ചില്ല"- ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ 24-കാരനായ എംബാപ്പെ പറഞ്ഞു.
പിഎസ്‌ജിയുമായുള്ള രണ്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് 35-കാരനായ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബായ ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് എംബാപ്പെയുടെ പ്രതികരണം. പിഎസ്‌ജിക്കായി കഴിഞ്ഞ രണ്ട് സീസണുകളിലായി 74 മത്സരങ്ങളില്‍ നിന്നും 32 ഗോളും 35 അസിസ്റ്റുകളും നേടിയാണ് മെസി ഇന്‍റര്‍ മയാമിലേയ്‌ക്ക് കൂടുമാറിയത്. ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്‍റര്‍ മയാമി.
മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്‌ബോളിന്‍റെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയാണ് എംഎല്‍എസ് അധികൃതര്‍ക്കുള്ളത്. മെസി എത്തുന്നു എന്നറിഞ്ഞതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പിന്തുണയാണ് ഇന്‍റർ മയാമിക്ക് ലഭിച്ചത്. ഇന്‍റർ മയാമിയുടെ 3.8 ദശലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് നിലവില്‍ ഏഴ് ദശലക്ഷം കടന്നിട്ടുണ്ട്.
അതേസമയം മെസിക്ക് പിന്നാലെ പിഎസ്‌ജി വിടാനുള്ള ഒരുക്കത്തിലാണ് എംബാപ്പെ. അടുത്ത സീസണോടെ അവസാനിക്കുന്ന കരാര്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് 24-കാരന്‍ പിഎസ്‌ജി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഫ്രഞ്ച് ക്ലബ് വിട്ട എംബാപ്പെ ഉടൻ തന്നെ സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് എത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തള്ളിയ താരം അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഫ്രീ ഏജന്‍റായി എംബാപ്പെയെ പിഎസ്‌ജി അധികൃതര്‍ അനുവദിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഫ്രീ ഏജന്‍റായി മെസി ക്ലബ് വിട്ടത് ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്‍റ്‌സിന്‍റെ ഉടമസ്ഥതയിലുള്ള പിഎസ്‌ജിക്ക് സാമ്പത്തികമായി ഗുണം ചെയ്യുന്നതായിരുന്നില്ല. ഇതോടെ അടുത്ത സമ്മറില്‍ എംബാപ്പെയ്‌ക്കായി ക്ലബുകള്‍ തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.
2017-ല്‍ മൊണാക്കോയിൽ നിന്നാണ് എംബാപ്പെ പിഎസ്‌ജിയില്‍ എത്തുന്നത്. ടീമിനായി ഇതേവരെ 260 മത്സരങ്ങളിൽ നിന്നും 212 ഗോളുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജൂലൈ 31 വരെ എംബാപ്പെയ്ക്ക് സമയമുണ്ടായിരുന്നു. ഫ്രഞ്ച് ദേശീയ ഐക്കണും ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ താരമായി മാറാൻ കഴിവുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന താരവുമായ എംബാപ്പെ ക്ലബ് വിടുന്നത് പിഎസ്‌ജിയ്‌ക്ക് ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ALSO READ: lionel messi| മെസി വരുന്നതും കാത്ത് അമേരിക്കൻ ഫുട്‌ബോൾ, വന്നാല്‍ പലതുണ്ട് കാര്യങ്ങൾ...