പാരിസ്: ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ തയ്യാറെടുക്കുന്ന പിഎസ്‌ജിയ്‌ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്ക് മൂന്നാഴ്‌ചത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് ക്ലബ് അറിയിച്ചു. വിവിധ പരിശോധനകള്‍ക്ക് ശേഷം എംബാപ്പെയുടെ ഇടത് തുടയ്ക്ക് പരിക്കേറ്റത് സ്ഥിരീകരിച്ചതായി പരിശീലകന്‍ ക്രിസ്റ്റോഫ് ഗാൽറ്റിയർ വ്യക്തമാക്കി.
ഫ്രഞ്ച് ലീഗില്‍ മോണ്ട്പെലിയെറിനെതിരായ മത്സരത്തിനിടെയാണ് 23കാരന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് കളിയുടെ 21-ാം മിനിട്ടില്‍ തന്നെ താരത്തിന് പിന്മാറേണ്ടി വന്നിരുന്നു. ഫ്രഞ്ച് കപ്പില്‍ അടുത്ത ആഴ്‌ച മാർസെയ്‌ലെയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറും എംബാപ്പെയ്‌ക്ക് നഷ്‌ടമാവും.
സ്വന്തം തട്ടകമായ പാർക്ക് ഡെസ് പ്രിൻസസില്‍ ഫെബ്രുവരി 14നാണ് ആദ്യ പാദ പ്രീ ക്വാര്‍ട്ടറിന് പിഎസ്‌ജി ബയേണിനെതിരെ ഇറങ്ങുന്നത്. മാർച്ച് എട്ടിന് ജർമനിയിൽ നടക്കുന്ന രണ്ടാം പാദത്തിന് മുന്നോടിയായി എംബാപ്പെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് ക്ലബിന്‍റെ കണക്കുകൂട്ടല്‍. ഈ സീസണിൽ 26 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളാണ് എംബാപ്പെ ഇതേവരെ നേടിയിട്ടുള്ളത്.
അതേസമയം ലയണല്‍ മെസി, എംബാപ്പെ, നെയ്‌മര്‍ ത്രയത്തിന്‍റെ കരുത്തില്‍ കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗ് ഇത്തവണ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് പിഎസ്‌ജിയുള്ളത്. കഴിഞ്ഞ ആറ് സീസണുകളിൽ നാലിലും പ്രീ ക്വാര്‍ട്ടറിലാണ് ഫ്രഞ്ച് ടീം പുറത്തായത്. 2020 ഫൈനല്‍ കളിച്ചെങ്കിലും ബയേണിനോട് തോല്‍വി വഴങ്ങി.
മോണ്ട്പെലിയെറിനെതിരെ പുറത്താവും മുമ്പ് മോശം പ്രകടനമായിരുന്നു എംബാപ്പെ നടത്തിയത്. രണ്ട് വട്ടം പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയ താരം സുവര്‍ണാവസരവും കളഞ്ഞ് കുളിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് പിഎസ്‌ജി ജയം പിടിച്ചിരുന്നു. സുപ്പര്‍ താരം മെസി സംഘത്തിനായി വലകുലുക്കി.
ALSO READ: മെസിക്ക് മുന്നിൽ മെസി മാത്രം; ഗോളടിയിൽ റൊണാൾഡോയുടെ ഒരു റെക്കോഡുകൂടി പഴങ്കഥയാക്കി മെസി